തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശത്തിൽ ന്യായീകരണവുമായി മന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യം വളരെ വലുതാണെന്നും ബസ് ചാർജ് നൽകാൻ പോലും പലർക്കും കഴിയാത്ത സാഹചര്യമുണ്ടെന്നുമാണ് താൻ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.
രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ആരംഭിച്ചതെന്നും ഇതേ മാതൃകയിൽ മൂന്ന് പ്രധാന മേഖലകളിൽ കൂടി അടിയന്തര ഇടപെടൽ വേണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സി.പി. ജോൺ പറഞ്ഞു. പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിലാണ് ശക്തമായ ഇടപെടൽ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഫീസ് ഇല്ലാത്ത സർക്കാർ സ്കൂളുകൾക്ക് പകരം ഫീസ് നൽകേണ്ട സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് അമ്മമാരുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പം നിൽക്കുന്നയാളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതി വൻ വിജയമാണെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
താൻ തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും എന്നാൽ ഇനി സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുമെന്നും സി.പി. ജോൺ പറഞ്ഞു. ‘എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ’ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പണം നൽകേണ്ടതില്ലാത്ത കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ നേരത്തെയുള്ള പരാമർശം. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇത്. പണമില്ലാത്തതിനാൽ സൗജന്യ യാത്രാ സൗകര്യമുള്ള ബസിൽ കയറുകയും, അസുഖം വന്നാൽ സ്വകാര്യ ആശുപത്രിക്ക് പകരം സർക്കാർ ആശുപത്രിയെ ആശ്രയിക്കുകയും ചെയ്യുന്ന കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.


















































