ന്യൂഡൽഹി: തൻ്റെ മകളോട് ക്ഷമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിയിച്ച് ജന്തർ മന്തർ പ്രതിഷേധത്തിനിടെ മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ. ഇത്രയധികം അധിക്ഷേപം നേരിട്ടിട്ടും ക്ഷമിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മഹത്തരമാണെന്നും പ്രധാനമന്ത്രി തൻ്റെ മകൾക്ക് പുതിയ ജീവിതം നൽകിയെന്നും മാതാവ് പറഞ്ഞു. തങ്ങൾക്ക് വളരെയധികം നാണക്കേടുണ്ടെന്നും വീണ്ടും വീണ്ടും മാപ്പ് ചോദിക്കുകയാണെന്നും അമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അവർ.
“പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല. തന്നെ ഇത്രയധികം അധിക്ഷേപിച്ച പെൺകുട്ടിയോട് ക്ഷമിച്ചുകൊണ്ട് അദ്ദേഹം വളരെ മഹത്തായ ഒരു കാര്യമാണ് ചെയ്തത്. കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഇന്ന് എന്റെ മകളുടെ ജന്മദിനമാണ്, അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് ജീവിതം ദാനം നൽകി. എന്റെ മകൾക്ക് ഇന്ന് ഒരു പുതിയ ജീവിതം ലഭിച്ചിരിക്കുന്നു” – മാതാവ് പറഞ്ഞു.
മകളുടെ നല്ല ഭാവിക്കായി പ്രധാനമന്ത്രി അവളെ ദത്തെടുക്കണെമന്നും മാതാവ് അഭ്യർത്ഥിച്ചു. “മോദി ജി, ദയവായി ഈ പെൺകുട്ടിയെ ദത്തെടുത്ത് അവളുടെ ഭാവി ഉജ്ജ്വലമാക്കണമേ. ഞങ്ങൾ ലജ്ജിക്കുന്നു, വീണ്ടും വീണ്ടും മാപ്പ് ചോദിക്കുന്നു”- അവർ പറഞ്ഞു. മകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പിൻവലിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. എഫ്ഐആറിൽ മകളുടെ പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവൾക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും അമ്മ പറഞ്ഞു.

















































