ന്യൂഡൽഹി: സെൽഫി വീഡിയോ സന്ദേശ പരമ്പരയുമായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രതിഷേധത്തിനിടെ തനിക്കെതിരേ മോശം ഭാഷ ഉപയോഗിച്ച വിദ്യാർഥികളോട് ക്ഷമിച്ചു എന്നായിരുന്നു മോദി വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ പ്രതിഷേധക്കാർക്കെതിരേ ഫയൽ ചെയ്ത കേസുകൾ സർക്കാർ പിൻവലിക്കുമോ എന്ന് ദിപ്കെ ചോദിച്ചു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മോദി ഇൻസ്റ്റ ഗ്രാമിൽ സെൽഫി വീഡിയോയുമായി എത്തുന്നത്. ‘റീലിൽ കൂടി മാത്രമാണോ നിങ്ങൾ ക്ഷമിക്കുന്നത്, അതോ കേസുകൾ പിൻവലിക്കുമോ?’ എന്ന് ദിപ്കെ മോദിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നോയിഡയിൽ നിന്നുള്ള കൗമാരക്കാരിക്കെതിരേ കേസെടുത്തിരുന്നു. ‘ചില ചെറുപ്പക്കാർ അസഭ്യം പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത വാക്കുകൾ പ്രയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. എന്റെ പരേതയായ അമ്മയെ പോലും അപമാനിച്ചു. ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. അധിക്ഷേപം ഒന്നിനും പരിഹാരമാകില്ല. കോടതിയിലേക്ക് വഴിച്ചിഴക്കുന്നതും ശിക്ഷിക്കുന്നതും ആക്ഷേപിക്കുന്നതും കൊണ്ട് സാഹചര്യം മാറില്ല.
വഴിതെറ്റിയവരെ നമുക്ക് നേർവഴി നയിക്കാം- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സമരം അവസാനിപ്പിക്കാൻ സർക്കാർ ഉറപ്പുനൽകിയിട്ടും വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും എതിരെ ചുമത്തിയ എഫ്.ഐ.ആറുകൾ (FIR) പിൻവലിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് നയമാണെന്ന് സി.ജെ.പി ആരോപിച്ചിരുന്നു. കേസുകൾ പൂർണ്ണമായി പിൻവലിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭവുമായി വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി.
















































