കോഴിക്കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി ചെമ്പക്കുന്ന് പുത്തൻവീട്ടിൽ മണികണ്ഠനെയാണ് (25) കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കുന്നമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.
കുന്നമംഗലം പെരിങ്ങളത്തിന് സമീപം വരട്ട്യാക്ക് ചേലൂർ തടായി റോഡിലായിരുന്നു കവർച്ച. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുക്കത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്.
കവർച്ചയ്ക്ക് ശേഷം പൊലീസ് പിടിയിലാകാതിരിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമായി ഇരുവരും വിവിധ റോഡുകളിലൂടെ ഏകദേശം 40 കിലോമീറ്ററോളം സഞ്ചരിച്ചു. പിന്നീട് നരിക്കുനിയിലെ മണികണ്ഠന്റെ വീട്ടിലേക്ക് പോയി.
യുവതി നൽകിയ പരാതിയിൽ കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 200ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികൾ നടത്തിയ ദീർഘദൂര യാത്രയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചത്.
പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തുന്നതായി മനസിലായതോടെ ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നു. ഇവരെ പിന്തുടർന്ന് പൊലീസ് തമിഴ്നാട്ടിലെത്തിയെങ്കിലും പ്രതികൾ വീണ്ടും കോഴിക്കോട്ടേക്ക് മടങ്ങിയെത്തുകയായിരുന്നു.
തുടർന്ന് കോഴിക്കോട് പാവമണി റോഡിൽവെച്ചാണ് മണികണ്ഠൻ പിടിയിലായത്. സംഘത്തിലെ പ്രധാന പ്രതിയെ പിടികൂടാനായിട്ടില്ല. കച്ചവടത്തിലുണ്ടായ നഷ്ടം നികത്താനാണ് സ്വർണമാല കവർന്നതെന്നാണ് മണികണ്ഠൻ പൊലീസിനോട് പറഞ്ഞത്.
മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

















































