ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയ യുവാക്കളെ ശിക്ഷിക്കുന്നതിനേക്കാൾ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജന്തർ മന്തറിൽ നടന്ന സംഭവങ്ങൾ രാജ്യവും ലോകവും കണ്ടതാണെന്ന് മോദി പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് ചേരാത്ത ഭാഷയാണ് ചില യുവാക്കൾ ഉപയോഗിച്ചതെന്നും തന്നെ മാത്രമല്ല, അന്തരിച്ച മാതാവിനെയും അധിക്ഷേപിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് മറുപടി കോപമോ പ്രതികാരമോ ആകരുതെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
“വഴിതെറ്റിയവരെ ശരിയായ പാതയിലേക്ക് നയിക്കണം. ഒരുമിച്ച് പ്രവർത്തിക്കണം, രാജ്യത്തിനായി പ്രവർത്തിക്കണം” എന്ന സന്ദേശമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാമെന്നും അതുതന്നെ തിരുത്താനുള്ള അവസരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളോട് സമൂഹം ദേഷ്യപ്പെടുന്നതിനേക്കാൾ അവരെ ചേർത്തുനിർത്തി ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. അവരെ ശിക്ഷിക്കുകയും കോടതികൾ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ നടന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉയർന്നത്. ജൂലൈ 23ന് നടന്ന പ്രതിഷേധത്തിനിടെ 25 വയസ്സുകാരിയായ ഒരു യുവതി പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ പ്രതിഷേധങ്ങളിലെ ഭാഷയും അഭിപ്രായപ്രകടനത്തിന്റെ പരിധിയും സംബന്ധിച്ച് രാജ്യത്ത് ചർച്ച ശക്തമായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
അധിക്ഷേപത്തിന് മറുപടിയായി കടുത്ത നടപടി ആവശ്യപ്പെടുന്നതിനുപകരം ക്ഷമിക്കണമെന്നാണ് മോദി പറഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ടവരെ വഴിതെറ്റിയ കുട്ടികളായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവരുടെ തെറ്റുകൾ തിരുത്താൻ സമൂഹം സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



















































