മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയിൽ കാരണങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ എൻ ഷംസീർ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോൾ അതിനെ പാർട്ടി പ്രതിരോധിച്ചു. പക്ഷെ പ്രതിരോധ പ്രസ്താവനയിൽ ഒരു ഊക്കുണ്ടായിരുന്നില്ലന്നും ഷംസീർ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിൽ തളിപ്പറമ്പിലേയും പയ്യന്നൂരിലേയും സ്ഥാനാർത്ഥി നിർണ്ണയം, അയ്യപ്പ സംഗമം, വെള്ളാപ്പള്ളിയെ കൊണ്ടു നടന്നത് എല്ലാം തിരിച്ചടിയായെന്ന വിമർശനമാണ് ഷംസീറും തുറന്നു സമ്മതിക്കുന്നത്. മലപ്പുറം കാളികാവിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീറിൻറെ സ്വയം വിമർശനം.
ഇങ്ങനെ തോൽക്കുമെന്ന് നമ്മളും വിചാരിച്ചില്ല, മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. സിപിഎം സംസ്ഥാന സമിതിയും പിന്നീട് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയ കാര്യങ്ങളാണ് ഷംസീർ പരാമർശിച്ചത്.
അയപ്പ സംഗമം ഞങ്ങളുടേതല്ല, പക്ഷെ സർക്കാർ നടത്തിയാതണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. അതുപോലെ അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നുവെന്നും പാർട്ടി സ്വയം വിമർശനം നടത്തിയിട്ടുണ്ടെന്നും ഷംസീർ വ്യക്തമാക്കി.ഇങ്ങനെ വിമർശനം നടത്താൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുകയെന്നും ഷംസീർ ചോദിച്ചു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി. സ്വയം വിമർനം നടത്തി.
ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാ, രാഷ്ട്രീയത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങളാണ് സഖാക്കളെ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നുവെന്ന് പറയുന്നത്. ആ തെറ്റ് ഉൾക്കൊണ്ട് തിരുത്തും, തിരിച്ച് വരുമെന്നും ഷംസീർ പറഞ്ഞു. ോഅതുപോലെ യുഡിഎഫിന് ഇപ്പോ മധുവിധു കാലമാണ്. ഞങ്ങൾ ഒന്നും മിണ്ടില്ല. മൂന്ന് പേരല്ലേ മുഖ്യമന്ത്രിക്കായി മത്സരിച്ചത്. അവസാനം ചെന്നിത്തലയെ തൂഫാനാക്കി വിട്ടു. ആദ്ദേഹം അതുംകൊണ്ട് പോയെന്നും ഷംസീർ വ്യക്തമാക്കി.

















































