തിരുവനന്തപുരം; മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കൂടുതൽ എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്യാനൊരുങ്ങി പോലീസ്. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് ഒന്നാം പ്രതി. കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ അവരിൽനിന്ന് മൊഴിയെടുത്ത ശേഷം എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്യുമെന്ന് കഴക്കൂട്ടം എസിപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഇരുപതിലേറെ ഇരകളുണ്ടെന്നു പോലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എബേൽ അഗസ്റ്റിനെ ഇന്നു വീണ്ടും ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ഇരകളുണ്ടെന്ന വിവരം പുറത്തായത്. എബേലിന്റെ നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും. അതുപോലെ ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകൾ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെ.എസ്. സഹൻഷാ പറഞ്ഞു.
അതേസമയം കേസെടുത്തതിനു പിന്നാലെ എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ എന്ന് പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു. പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് ഇയാൾ അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
ഇതിനിടെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പോലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറോളം വിദ്യാർഥികൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബിഎൻഎസിലെയും ബാധകമായ വകുപ്പുകൾ ചേർത്താണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും എസിപി പറഞ്ഞു. ബിഎൻഎസ് പ്രകാരം ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ ആദ്യം അറസ്റ്റിലേക്കു കടക്കാതെ നോട്ടിസ് നൽകി വിളിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഈ കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും എസിപി പറഞ്ഞു.
അതേസമയം പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തിയതു കൊണ്ടാണ് പ്രതിക്കു ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ എൻ.എച്ച്.സാലിഹ് പറഞ്ഞു. സ്‌റ്റേഷനിൽ എത്തിയപ്പോൾ എസ്‌ഐ മോശമായാണ് പെരുമാറിയത്. പോലീസിനു സമ്മർദമുണ്ടായതായി സംശയമുണ്ട്. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യുന്നവർക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയുണ്ടായാൽ ഗുരുതരമായ തെറ്റുകൾ ആവർത്തിക്കപ്പെടും. ആ സാഹചര്യത്തിലാണ് പ്രതിഷേധം ഉയർത്തിയത്. നിരവധി കുട്ടികൾക്ക് പ്രതിയിൽനിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ മാത്രമാണ് ആദ്യം പരാതി നൽകാൻ തയാറായതെന്നും അവർ പറയുന്നു.
വരും ദിവസങ്ങളിൽ ജൂനിയർ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പരാതി നൽകും. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും സാലിഹ് പറഞ്ഞു. 11 സീനിയർ വിദ്യാർഥിനികൾ പരാതി നൽകിയിട്ടും പോലീസ് ഒറ്റ എഫ്‌ഐആർ മാത്രമാണ് എടുത്തതെന്നാണ് പരാതിക്കാർ പറയുന്നത്. ഒരാളിൽ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാൻ പോലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാർ പറയുന്നു. എന്നാൽ സമാന പരാതികൾ ആയതിനാൽ ഒന്നിലേറെ എഫ്‌ഐആർ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്.
















































