മുംബൈ: അമ്മയുടെ ലിവിങ് ടുഗദർ പങ്കാളിയുടെ ക്രൂരമർദനത്തിൽ ഏഴു വയസുകാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിമരിച്ചത്. അമ്മയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാവും എന്ന് കരുതിയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ ജോലിക്ക് പോയപ്പോഴാണ് പ്രതി കുട്ടിയെ മർദിച്ചിരുന്നത്. ജൂലൈ 17നാണ് സംഭവം നടക്കുന്നത്. ചപ്പാത്തിക്കോൽ കൊണ്ട് അതിക്രൂരമായി മർദിച്ച പ്രതി നിരവധി തവണ ചവിട്ടുകയും ചെയ്തു.
ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഉല്ലാസനഗറിലെ സെൻട്രൽ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട്, സിയോൺ ആശുപത്രിയിലേക്കും ആദ്യം മാറ്റി. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയവേയാണ് കുട്ടി മരിച്ചത്. അജ്ഞാതരായ ചിലരാണ് കുട്ടിയെ മർദിച്ചതെന്നാണ് പറഞ്ഞ് അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതി ശ്രമിച്ചിരുന്നു.
എന്നാൽ, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ സംശയത്തിനിടയാക്കുകയും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയുടെ വീട്ടിലാണ് ഇളയ കുഞ്ഞുമായി ജീവിച്ചിരുന്നത്. യുവതിയുടെ മൂത്ത രണ്ട് മക്കൾ ആദ്യ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നത്.

















































