കണ്ണൂർ: കെഎസ്‌യുവിന് പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെഎസ്‌യുവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാവർക്കും കാണാം. കെഎസ്‌യുക്കാർക്ക് അഭിപ്രായം ഉണ്ടെങ്കിൽ പറയുന്നതിൽ തെറ്റില്ല. മുമ്പും പറഞ്ഞിട്ടുണ്ട്. അതിന് ചില രീതികളുണ്ട്.
മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞാൽ അദ്ദേഹം ഉൾക്കൊള്ളും. സിപിഎം– സിപിഐ തർക്കം വച്ചു നോക്കുമ്പോൾ കോൺഗ്രസിൽ എന്ത് തർക്കമാണുള്ളത്. ഇടതുമുന്നണിയിലാണ് ഏറ്റവും പ്രശ്നം. മുന്നണി യോഗം ചേരാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ജനം മുഴുവൻ പിന്തുണയ്ക്കുന്ന പദ്ധതിയായി മാറി. നേരത്തെ ജനങ്ങൾക്ക് ലഹരിമരുന്നു മാഫിയയെ പേടിയായിരുന്നെങ്കിൽ ഇന്ന് ലഹരി മരുന്ന് മാഫിയയ്ക്ക് ജനങ്ങളെ പേടിയായ അവസ്ഥയാണ്. അതിന് കാരണം ജനം ഒരുമിച്ച് ലഹരിമരുന്ന് ലോബിക്കെതിരെ നിലപാട് സ്വീകരിക്കുന്നതാണ്. ഓപ്പറേഷൻ തൂഫാൻ അതുകൊണ്ടാണ് വമ്പിച്ച വിജയമായിരിക്കുന്നത്.
ലഹരിമാഫിയയെ പൂർണമായി കേരളത്തിൽ നിന്ന് തുടച്ചു നീക്കുന്നതുവരെ ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ട് പോകും. ലഹരിക്ക് പുതിയ മാർഗങ്ങൾ കണ്ടുപിടിക്കുന്നു. മെഡിക്കൽ ഷോപ്പിൽ നിന്ന് മാരകമായ രോഗങ്ങൾക്കുള്ള മരുന്നു വാങ്ങി കുത്തിവയ്ക്കുന്നുണ്ട്. കുറിപ്പടിയില്ലാതെ ഒരു മരുന്നും ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും വിതരണം ചെയ്യരുത്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. പുതിയ തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
















































