ആഗ്ര: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ തിരിച്ചുവിടാൻ അമ്മായിഅമ്മ മുന്നോട്ടുവച്ച നിബന്ധന ശിരസാ വഹിച്ച് മരുമകൻ. സ്വന്തം അമ്മയെ കടലക്കറിയിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ആഗ്രയിലെ ഭർപുരയിലാണ് സംഭവം. അമ്മയെ കൊല്ലാൻ ശ്രമിച്ച കേസിൽ രവീന്ദ്ര എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്ക് വിഷം എത്തിച്ച് നൽകിയത് ഭാര്യയുടെ അമ്മയാണെന്നാണ് രവീന്ദ്ര പോലീസിനോട് പറഞ്ഞു. അതേസമയം വിഷം കലർന്ന കടല കറി കഴിച്ച വയോധിക ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭാര്യ അവശയായെന്നായിരുന്നു രവീന്ദ്രയുടെ അച്ഛൻ പോലീസിനോട് വിശദമാക്കിയിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലക്കറിയിൽ ഭക്ഷണം കലർന്നതായി തെളിഞ്ഞത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ചികിത്സയിൽ കഴിയുന്ന വയോധികയുടെ മകൻ താനാണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസിനോട് വെളിപ്പെടുത്തിയത്.
സംഭവം ഇങ്ങനെ- ഗാട്പുര ഗ്രാമത്തിൽ നിന്നുള്ള യുവതിയേയാണ് രവീന്ദ്ര വിവാഹം ചെയ്തിരുന്നത്. അടുത്തിടെ ദമ്പതികൾക്കിടയിൽ കലഹമുണ്ടായതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. യുവതിയെ തിരികെ കൊണ്ടുവരാനുള്ള രവീന്ദ്രയുടെ ശ്രമങ്ങൾക്കിടെയാണ് ഭാര്യാ മാതാവ് ഫൂൽവതി വിചിത്രമായ നിബന്ധന മുന്നോട്ട് വച്ചത്.
താൻ മകളെ മരുമകനൊപ്പം തിരികെ അയയ്ക്കണമെങ്കിൽ രവീന്ദ്രയുടെ അമ്മ ജീവനോടെയുണ്ടാവരുതെന്നായിരുന്നു ആ നിബന്ധന. തുടർന്ന് അമ്മയെ കൊല്ലാനായി രവീന്ദ്രയ്ക്ക് വിഷം എത്തിച്ച് നൽകി ഇതിനായി ഫൂൽവതി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് യുവാവ് പോലീസിനോട് വിശദമാക്കി.
അതേസമയം യുവാവിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസ് അന്വേഷിക്കുകയാണ്. രവീന്ദ്രയുടെ വീട്ടിൽ അടുത്തിടെ സ്ഥലം വീതം വയ്ക്കുന്നതിനേ ചൊല്ലി തർക്കമുണ്ടായിരുന്നതായി സഹോദരൻ പോലീസിനോട് വിശദമാക്കിയിട്ടുണ്ട്. യുവാവിന്റെ മറ്റ് ആരോപണങ്ങളേക്കുറിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

















































