ന്യൂഡൽഹി: കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് പ്രതികരണവുമായി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ കോടതി തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ നടക്കും. കോടതി പറയുന്നത് എന്തും ചെയർമാൻ എന്ന നിലയിൽ ചെയ്യും. മാധ്യമങ്ങൾ കോടതിയാകേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഡീനിനെതിരെ ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും സുരേഷ് ഗോപി നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾ സുരേഷ് ഗോപിയോട് ചോദ്യങ്ങൾ ആരാഞ്ഞത്.
കോടതി തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ നടക്കും. നാളെ ഒരു കാലത്ത് ഡീനിനെതിരെ തിരിഞ്ഞെന്ന് ഒരു ആരോപണം വരരുത്. കോടതി നാളെ അയാളുടെ പക്ഷം ചേർന്നിട്ട് ഞങ്ങളോട് ചോദ്യം ചോദിച്ചാൽ, നിങ്ങൾ മൈക്ക് എന്റെ തൊള്ളയിലോട്ട് കുത്തിയിറക്കിയിട്ട് ഡീനിനോട് അനീതിയല്ലേ കാണിച്ചത് എന്ന് ചോദിക്കില്ലേ. എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ എഴുന്നള്ളിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഇക്കാര്യത്തിൽ ഞങ്ങൾക്ക് എല്ലാ വശങ്ങളും സീൽ ചെയ്ത് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നടപടി എടുക്കാൻ പറ്റൂ. ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് വന്നാൽ മാത്രം തീരുമാനം എടുക്കുമോ? ഞങ്ങൾക്ക് ചെയ്യാനുള്ള നിയമപരമായ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. അതിനുള്ള സമയം ഞങ്ങൾക്ക് കോടതി തന്നിട്ടുണ്ട്. അതിനുമേലെ നിങ്ങളുടെ അവകാശവും നിങ്ങളുടെ അംഗീകാരവും നിങ്ങളുടെ പെർമിഷനും ഒന്നും ഞങ്ങൾക്ക് ആവശ്യമില്ല -സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ലൈംഗിക പരാതിയിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് ഇന്റേണൽ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയർമാനായി നിയമിച്ചതോടെയാണ് സുരേഷ് ഗോപിക്കെതിരെ പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. ഇന്റേണൽ റിപ്പോർട്ട് പുറത്തുവന്നിട്ടും സുരേഷ് ഗോപി നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. മുൻ വിദ്യാർഥിനിയും അധ്യാപക പാനലിലെ ഒരാളുമാണ് എസ്ആർഎഫ്ടിഐ ഉന്നതോദ്യോഗസ്ഥനെതിരെ രണ്ട് വർഷം മുമ്പ് ലൈംഗിക പീഡന പരാതി നൽകിയത്.

















































