ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ജിഎഫ്എസ് ഗാലക്‌സി (GFS Galaxy) എന്ന വ്യാപാര കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ 10 പേരെ രക്ഷപ്പെടുത്തി. ഒരാൾ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 11 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
“ഇന്ന് ഒമാൻ തീരത്തിന് സമീപം വ്യാപാര കപ്പലായ ജിഎഫ്എസ് ഗാലക്‌സിക്കെതിരെ നടന്ന ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒരാൾ കാണാതായതായി റിപ്പോർട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേപോലെ കാണാതായ വ്യക്തിക്കായുള്ള തെരച്ചിൽ- രക്ഷാപ്രവർത്തനങ്ങൾ ഒമാനുമായി സഹകരിച്ച് പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അടുത്തതായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒമാൻ സർക്കാരിന് നന്ദി രേഖപ്പെടുത്തിയതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം തുടർച്ചയായി വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും പ്രദേശത്ത് സംഘർഷം ഉടൻ കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. “പ്രദേശത്ത് സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഉടൻ തന്നെ സംഘർഷം കുറയ്ക്കുകയും നയതന്ത്രപരമായ പരിഹാരം കണ്ടെത്തുകയും വേണം. അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്രവും തടസരഹിതവുമായ ഗതാഗതം ഉറപ്പാക്കേണ്ടതുണ്ട്,”- മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ഹോർമുസ് കടലിടുക്കിൽ മറ്റൊരു വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി യുഎസ് ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കര, സമുദ്ര, വ്യോമ മാർഗങ്ങളിലൂടെ ഏകദേശം 140 ഇറാൻ സൈനിക ലക്ഷ്യങ്ങൾ കൃത്യതയോടെ തകർത്തതായി അമേരിക്ക അറിയിച്ചു.
ഇതിന് മറുപടിയായി ഇറാൻ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖത്തറിൽ മിസൈൽ സൈറൺ മുഴങ്ങിയതും നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ട് ചെയ്തു. ഖത്തർ സൈന്യം ഇറാന്റെ മിസൈലുകൾ വിജയകരമായി തടഞ്ഞുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം പാശ്ചാത്യേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ വ്യാപാര കപ്പലുകളുടെ സുരക്ഷയും അന്താരാഷ്ട്ര ജലഗതാഗതവും ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണ്.

















































