കല്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷിപ്പുഴയുടെ കരയിൽനിന്ന് ഫയർഫോഴ്സ് ആണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. മീനാക്ഷിപ്പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. ഇപ്പോൾ കണ്ടെത്തിയ മൃതദേഹം വിക്രം റാണയുടേതാണോ എന്ന് പരിശോധിക്കുന്നുണ്ട്. റാണയുടെ ബന്ധുക്കൾ പ്രദേശത്തുണ്ട്. മൃതദേഹം അദ്ദേഹത്തിന്റേതാണോ എന്ന് ഇവർ പരിശോധിക്കും.
ദുരന്തം കഴിഞ്ഞ് ആറാംദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെമുതൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

















































