തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരിൽ അത് നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രധാന സ്ഥാനങ്ങളും ഒരു പാർട്ടിയിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതി അവസാനിപ്പിക്കേണ്ട സമയമായെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. “കീഴ്‌വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്. എൽഡിഎഫിന്റെ ഐക്യവും മുന്നണിയുടെ ശക്തിപ്പെടലുമാണ് പ്രധാനമെന്നും അതിനാലാണ് സിപിഐ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും” ബിനോയ് വിശ്വം പറഞ്ഞു.
“പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണ് എന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. കീഴ്‌വഴക്കത്തിന്റെ പേരിൽ ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. ആവശ്യമായാൽ കീഴ്‌വഴക്കങ്ങൾ മാറണം. എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടിക്ക് മാത്രമെന്ന രീതി തിരുത്തപ്പെടണം. സ്ഥാനങ്ങൾ വലുതായാലും ചെറുതായാലും മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ പങ്കുവെക്കപ്പെടണം. എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് സിപിഐ ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തന്നെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകണമെന്ന ആവശ്യവുമായി പാർട്ടി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗം ചേരുന്നതിന് മുമ്പ് വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തും നൽകിയിരുന്നു.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് ഔദ്യോഗിക ഭരണഘടനാപദവിയല്ലെന്ന നിലപാടിലാണ് സിപിഎം. അതിനാൽ ആ സ്ഥാനം സിപിഐക്ക് നൽകേണ്ടതില്ലെന്നും, കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാനുമാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ സിപിഐ ആവശ്യം പിൻവലിക്കാതെ തുടർച്ചയായി സമ്മർദം ശക്തമാക്കുന്നത് എൽഡിഎഫിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
65കാരിയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍, കൂടെ താമസിച്ചിരുന്ന വയോധികന്‍ അറസ്റ്റില്‍


















































