ലണ്ടൻ: ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും നോർവേയും തമ്മിലുള്ള മത്സരത്തിൽ ടൂർണമെന്റിലെ ഏറ്റവും വലിയ പിഴവായി സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്ന ഒരു സംഭവത്തിനും ഇംഗ്ലണ്ട്- നോർവേ മത്സരം സാക്ഷിയായി. നോർവേ താരം അലക്സാണ്ടർ സോർലോത്ത്, ടീമിന്റെ പ്രധാന ഗോൾ സ്‌കോററായ എർലിങ് ഹാലാണ്ടിന് പാസ് നൽകാതെ സ്വയം ഗോൾ നേടാൻ ശ്രമിച്ചതാണ് സംഭവം. ഇതോടെ നോർവെയ്ക്ക് സെമിയിലെത്താനുള്ള അവസരമാണ് പാഴാക്കിയതെന്ന് സോഷ്യൽ മീഡിയ പറയുന്നു.
സംഭവം ഇങ്ങനെ- ആദ്യ പകുതി അവസാനിക്കാനിരിക്കെ 1-0ന് മുന്നിൽ നിന്നിരുന്ന നോർവേയ്ക്ക് സ്വർണാവസരമായ കൗണ്ടർ അറ്റാക്ക് ലഭിച്ചു. ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിൽ ജോൺ സ്റ്റോൺസ് മാത്രമുണ്ടായിരുന്ന 2-വേഴ്സസ്-1 സാഹചര്യം നോർവേയ്ക്ക് വലിയ മുന്നേറ്റ സാധ്യതയായിരുന്നു. ഇതോടെ ഹാലാണ്ടിന് പാസ് നൽകി എളുപ്പത്തിൽ ഗോൾ നേടാമായിരുന്ന സാഹചര്യത്തിൽ, സോർലോത്ത് സ്വയം ഷോട്ട് എടുക്കാൻ ശ്രമിച്ചു.
ഡ്രിബിൾ ചെയ്ത് മുന്നേറാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ദുർബലമായി, ഗോൾകീപ്പർക്കു പോലും അത് നേരിടേണ്ടിവന്നില്ല. ഈ തീരുമാനം ഹാലാണ്ടിനെ വ്യക്തമായി നിരാശനാക്കിയതായി മൈതാനത്ത് തന്നെ കാണാമായിരുന്നു. സോർലോത്ത് പാസ് നൽകിയിരുന്നെങ്കിൽ നോർവേ ലീഡ് 2-0 ആക്കാനായേനേ, അത് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് കൂടുതൽ ബുദ്ധിമുട്ടാക്കുമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ സംഭവത്തിന് പിന്നാലെ തന്നെ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ ഇംഗ്ലണ്ട് സമനില ഗോൾ നേടി.
മത്സരശേഷം ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുചൽ പോലും ടീമിന് ഭാഗ്യം കൂട്ടായിരുന്നുവെന്ന് സമ്മതിച്ചു. “ഇന്ന് ഞങ്ങൾ തന്നെ ജീവിതം ബുദ്ധിമുട്ടാക്കി. ഫലം മികച്ചതാണ്, സെമിഫൈനലിൽ എത്തിയത് വലിയ കാര്യമാണ്. എന്നാൽ പ്രകടനത്തിൽ സന്തോഷമില്ല. ഞങ്ങൾ അലസമായിരുന്നു, വേഗം കുറഞ്ഞിരുന്നു. ഇന്ന് ഭാഗ്യം നമ്മളോടൊപ്പം നിന്നു,” ടുചൽ പറഞ്ഞു.
അതുപോലെ 60 വർഷമായി ലോകകപ്പ് ഫൈനലിൽ എത്താത്ത ഇംഗ്ലണ്ട്, ആ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ടുചൽ വ്യക്തമാക്കി. “നമ്മൾ കൂടുതൽ മെച്ചപ്പെടണം. ഇപ്പോൾ ആഘോഷിക്കാം, പക്ഷേ മുന്നിലുള്ള മത്സരങ്ങൾക്ക് തയ്യാറാകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
watch this angle😭😭.
Sorloth genuinely let the whole country down pic.twitter.com/e5pUJeiTQZ
— foland (fan) (@propsMCFC) July 12, 2026

















































