ന്യൂഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ ഈ വടിയും പിടിച്ചു ഇവിടെ നിൽക്കേണ്ട കാര്യമില്ല എന്നുമാണ് പിണറായി പ്രതികരിച്ചത്. ഡൽഹി യിലെ കേന്ദ്ര കമ്മറ്റി യോഗത്തിൽ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം.
അതേസമയം വിഴിഞ്ഞം വിഷയത്തിൽ പിണറായിയുടെ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തുകയും ചെയ്തു. കൂടാതെ എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തോടെയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഇത്തരത്തിൽ പ്രതികരിച്ചത്.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇപി ജയരാജൻ എന്ത് പറഞ്ഞു എന്ന് അറിഞ്ഞില്ല. ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ട്, ദിവ്യയെ മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണ്. വി ഡി സതീശൻറെ ബെംഗളൂരു യാത്ര ഇതുമായി കൂട്ടിവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.














































