പത്തനാപുരം; അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി ക്രൂരമായി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനിയായ പത്തൊൻപതുകാരിയെ ആക്രമിച്ച കേസിൽ സുനിൽകുമാർ എന്നയാളാണു പിടിയിലായത്. കേസിനെ മറ്റൊരു പ്രതിയായ ഇയാളുടെ മകൻ മിഥുൻ ഒളിവിലാണ്.
അയൽവീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്നാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഇരുവീട്ടുകാരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പെൺകുട്ടിയും മുത്തശിയും മാത്രം വീട്ടിലുള്ളപ്പോഴാണു സുനിൽ കുമാറും കുടുംബാംഗങ്ങളും ഇവരുടെ വീട്ടിലേക്ക് എത്തിയത്. തുടർന്ന് വീടിനുള്ളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ മർദിക്കുകയും കൈയ്ക്കു പിടിച്ചിറക്കി മുറ്റത്തേക്കു വലിച്ചെറിയുകയുമായിരുന്നു എന്നാണു കേസ്.
സുനിൽ കുമാറും മകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ കാലിനും കൈയ്ക്കും പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ 11നായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ അറസ്റ്റ് ചെയ്ത സുനിലിനെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ ദിലീപ് ഖാൻ പറഞ്ഞു.


















































