കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സിപിഎം നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, എഎ റഹിം എന്നിവർക്കെതിരേയാണ് പ്രധാനമായും വിമർശനമുള്ളത്. പിണറായിയുമായി ബന്ധപ്പെട്ട മൈക്ക് വിഷയം, വീട്ടിൽപ്പോയി ചോദിക്ക് എന്ന പരാമർശം തുടങ്ങിയവ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ. ചൂണ്ടിക്കാട്ടി. അതുപോലെ 46-ാം വയസിലും എ.എ. റഹീം ഡിവൈഎഫ്ഐയിൽ തുടരുന്നതിലെ ഔചിത്യമില്ലായ്മയും യോഗത്തിൽ ചർച്ചയായി.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ പിണറായിയും എംവി ഗോവിന്ദനും കെകെ രാഗേഷുമാണെന്നാണ് സമ്മേളനത്തിൽ ഡിവൈഎഫ്ഐ ഉയർത്തിയ പ്രധാനപ്പെട്ട ആരോപണം. പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ സംസാരം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു. മൈക്ക് ഓപ്പറേറ്റർമാരോട് പ്രതികരിക്കുന്ന രീതി, വീട്ടിൽപ്പോയി ചോദിക്ക് എന്ന് പത്തനംതിട്ടയിൽ പ്രസംഗത്തിനിടെ നടത്തിയ പരാമർശം എന്നിവയെല്ലാം പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കി.
അതുപോലെ ആളുകൾക്ക് മനസ്സിലാക്കുന്ന ഭാഷയിലല്ല എംവി ഗോവിന്ദൻ സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം ശരിയല്ലെന്നും വിമർശനമുയർന്നു. എംവി ഗോവിന്ദന്റെയും കെകെ രാഗേഷിന്റെയും പ്രവർത്തനഫലമായാണ് പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള പാർട്ടി കോട്ടകളിൽപ്പോലും എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷ് പൂർണ പരാജയമാണ്. ഡിവൈഎഫ്ഐ.അഖിലേന്ത്യാ നേതാവായ റഹീം തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. 35 വയസായ മേഖലാ ഭാരവാഹികളെ മാറ്റാൻ തിടുക്കം കാണിക്കുന്ന അതേ നേതൃത്വമാണ് 46 വയസായിട്ടും എഎ റഹീമിനെ ഡിവൈഎഫ്ഐയിൽത്തന്നെ നിർത്തുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.


















































