ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍. സ്‌കൂള്‍ ക്ലാസ് മുറികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതും രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതും നിരോധിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശനമായ സര്‍ക്കുലര്‍ പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി രാജ് മോഹന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ സ്‌കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനമുണ്ടാകുക.
സ്‌കൂളുകള്‍ പഠിക്കാനുള്ള ഇടമാണെന്നും, ആരെയും പുകഴ്ത്തിപ്പാടാനുള്ള ഇടമല്ലെന്നും വിജയ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ക്ലാസ് മുറികളിലും സ്‌കൂള്‍ പരിസരങ്ങളിലും രാഷ്ട്രീയ നേതാക്കളുടെയോ മറ്റ് വ്യക്തികളുടെയോ ജന്മദിനാഘോഷങ്ങള്‍ നടത്തുന്നതും ഉത്തരവിലൂടെ നിരോധിച്ചു.
വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. സ്‌കൂളുകളില്‍ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷത പുലര്‍ത്തുന്നതും വിദ്യാഭ്യാസവുമായി ബന്ധമുള്ളതുമായിരിക്കണം. സ്‌കൂളുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
















































