ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിരന്തരം നടക്കുന്ന മാറ്റങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നറും ക്രിക്കറ്റ് നിരൂപകനുമായ ആർ. അശ്വിൻ. സൂര്യവംശി ഉൾപ്പെടുന്ന യുവതാരങ്ങൾക്ക് അവസരം നൽകുന്നത് അനിവാര്യമായെങ്കിലും, ടി20 ലോകകപ്പ് 2026-ൽ ഇന്ത്യയുടെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയ സഞ്ജു സാംസണിനെ പോലെ ഒരു താരത്തെ പുറത്തിരുത്തുന്നത് നീതിയുക്തമാണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചയെന്നും അശ്വിൻ പറയുന്നു.
യൂട്യൂബ് ചാനലിൽ വിമൽ കുമാറുമായി നടത്തിയ സംഭാഷണത്തിൽ അശ്വിൻ, സെലക്ടർമാരോട് സംസാരിക്കുന്നതുപോലെ ഒരു നാടകീയ അവതരണം നടത്തിലൂടെ അശ്വിൻ ഗംഭീർ ഉൾപ്പെടുന്ന സിലക്ടർമാരെ പരിഹസിച്ചു. സിംബാബ്‌വേ പര്യടനത്തിൽ നിന്ന് തനിക്കു വിശ്രമം നൽകിയ സാഹചര്യത്തിൽ താൻ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ആ സ്കിറ്റ്.
“എനിക്ക് വിശ്രമം വേണ്ട. വേണമെങ്കിൽ അമ്മയെയും അച്ഛനെയും ഭാര്യയെയും കൂടെ കൊണ്ടുപോകാം. ഞാൻ സിംബാബ്‌വേയ്ക്ക് പോകണം. ബുലാവയോയിൽ ഞാൻ ഒരിക്കലും പോയിട്ടില്ല. 1999 ലോകകപ്പിൽ അവർ ഇന്ത്യയെ തോൽപ്പിച്ചതും ഞാൻ കണ്ടിട്ടുണ്ട്. അതിന് പ്രതികാരം ചെയ്യണം,” എന്നായിരുന്നു അശ്വിന്റെ നാടകീയ പ്രതികരണം. തുടർന്ന് ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ തോറ്റതിനു പിന്നാലെ അടുത്തതായി ആരെയാണ് പുറത്താക്കുക എന്ന് ചോദ്യം ചെയ്തു.
“ഇപ്പോൾ അടുത്തത് ആരാണ്? അയർലൻഡിൽ തോൽവിയും ഫോമില്ലായ്മയും കാരണം സഞ്ജുവിനെ പുറത്തിരുത്തി. ഇപ്പോൾ ഇംഗ്ലണ്ടിൽ രണ്ട് തോൽവി. പിന്നെ ആരാണ് അടുത്തത്?” അശ്വിൻ ചോദിച്ചു. ഇത്തരത്തിലുള്ള അനിശ്ചിതത്വം ടീമിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്നും അത് ടി20 ക്രിക്കറ്റിൽ അപകടകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “താരങ്ങൾ സ്വന്തം സ്ഥാനത്തെക്കുറിച്ച് ഭയപ്പെടാൻ തുടങ്ങും. ടീമിനുവേണ്ടി കളിക്കുന്നതിന് പകരം വ്യക്തിപരമായ പ്രകടനത്തിനാണ് മുൻഗണന നൽകാൻ തുടങ്ങുക. അത് വളരെ അപകടകരമാണ്,” അശ്വിൻ പറഞ്ഞു.
സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിച്ചാൽ പോലും, അദ്ദേഹം സ്വാഭാവികമായി കളിക്കാൻ കഴിയില്ലെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. “അവൻ സ്വന്തം നിലപാട് ഉറപ്പാക്കാനായി മാത്രം കളിക്കാൻ തുടങ്ങും. അത് തെറ്റല്ലെങ്കിലും, ടീമിന് ദോഷകരമാണ്,” അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ വിഷയത്തിൽ വ്യത്യസ്ത നിലപാട് വ്യക്തമാക്കി. “സഞ്ജു ഇന്ത്യക്കായി ചെയ്ത സംഭാവന അസാധാരണമാണ്. ചിലപ്പോൾ നിലവിലെ ഫോമിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കേണ്ടി വരും. അവൻ വീണ്ടും ഈ സീരീസിൽ തിരിച്ചുവരാൻ കഴിയില്ലെന്നൊരു നിയമമില്ല,” ഗംഭീർ പറഞ്ഞു.
ടെസ്റ്റ് ടീമിൽ സായി സുദർശനെ ദീർഘകാലം പിന്തുണച്ച സമീപനവും സഞ്ജുവിന്റെ കാര്യത്തിൽ കാണുന്ന വ്യത്യാസവും അശ്വിൻ ചൂണ്ടിക്കാട്ടി. “നാല് മത്സരങ്ങളിൽ ഒരാളെ വിലയിരുത്തരുത് എന്നാണ് പറഞ്ഞത്. എന്നാൽ സഞ്ജുവിന് ആ സമയം പോലും നൽകുന്നില്ല,” അദ്ദേഹം വിമർശിച്ചു.
“സഞ്ജു ടി20 മത്സരങ്ങൾ മാത്രമാണ് കളിക്കുന്നത്. വിശ്രമം നൽകുന്നതിന്റെ അർത്ഥം എന്താണ്? സിംബാബ്‌വേ പര്യടനത്തിനു ശേഷം വിശ്രമിക്കാമായിരുന്നു. ഇപ്പോൾ പുറത്തിരുത്തിയത് നീതിയല്ല,” ഇന്ത്യൻ ടീമിൽ രൂപപ്പെടുന്ന ഈ ‘ഇന്ത്യൻ ടീമിലെ ഈ ‘ചോപ്പിങ്- ആൻഡ്- ചേഞ്ചിങ്’ സംസ്കാരം ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
















































