വാഷിംഗ്ടൺ: ഇന്ത്യ–പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ താനാണ് നിർണായക പങ്കുവഹിച്ചതെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം. നാല് ദിവസം നീണ്ട സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ലോകത്തെ എട്ട് പ്രധാന യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ ഇടപെട്ടിട്ടുണ്ടെന്നും അതിനാൽ നൊബേൽ സമാധാന പുരസ്‌കാരത്തിന് ഏറ്റവും അർഹൻ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഇരുരാജ്യങ്ങൾക്കും 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന മുന്നറിയിപ്പാണ് യുദ്ധം അവസാനിപ്പിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇടപെടൽ മൂലം മൂന്ന് മുതൽ അഞ്ച് കോടി വരെ ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുടെയോ മറ്റേതെങ്കിലും മൂന്നാം രാജ്യത്തിന്റെയോ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ തുടർച്ചയായി ആവർത്തിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മേയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധീന പ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. തുടർന്ന് മേയ് 10-ന് ഇരു രാജ്യങ്ങളുടെയും സൈനിക മേധാവിമാർ നേരിട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സൈനിക നീക്കങ്ങൾ അവസാനിപ്പിച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം.
ഇന്ത്യൻ ആക്രമണത്തിൽ എഫ്-16 ഉൾപ്പെടെ പാകിസ്ഥാന്റെ നിരവധി യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപ് പരാമർശിച്ച 11 യുദ്ധവിമാനങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷിയുമായ വിഷയങ്ങളിൽ മൂന്നാം കക്ഷി ഇടപെടൽ അംഗീകരിക്കില്ലെന്ന നിലപാട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വീണ്ടും ആവർത്തിച്ചിട്ടുണ്ട്.

















































