കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെയും, അതിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണത്തിനും ശക്തമായ മറുപടിയുമായി വിമത എം.എൽ.എ ടി.കെ. ഗോവിന്ദൻ. തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും, തെറ്റ് സംഭവിച്ചത് പാർട്ടി നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തെറ്റ് തിരുത്തേണ്ടത് പാർട്ടിയാണെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.
ഭാവിയിൽ തങ്ങളെ തിരിച്ചുകൊണ്ടുവരണമോ എന്ന ചർച്ച നടത്തേണ്ട സാഹചര്യം പാർട്ടിക്ക് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാർട്ടി നേതൃത്വത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നതെന്നും, തങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് എം.വി. ജയരാജൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.വി. രാഘവനും സി.എം.പിയും ഒടുവിൽ പാർട്ടിയിലേക്ക് തിരിച്ചെത്തിയെന്ന എം.വി. ജയരാജന്റെ പരാമർശത്തിനും ടി.കെ. ഗോവിന്ദൻ മറുപടി നൽകി. എം.വി. രാഘവൻ ആരോഗ്യപരമായി അവശനായ ശേഷമാണ് പാർട്ടിയുമായി വീണ്ടും ബന്ധം സ്ഥാപിച്ചതെന്നും, സി.എം.പി തിരിച്ചുവന്നത് അദ്ദേഹത്തിന്റെ മരണശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ അന്ന് ഒപ്പുവെച്ചത് ഏത് മന്ത്രിയാണെന്ന് ഓർക്കണമെന്നും, അത്തരമൊരു കരാറിൽ നിന്ന് യു.ഡി.എഫിന് പിന്നീട് എളുപ്പത്തിൽ പിന്മാറാൻ സാധിക്കില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ തെറ്റായ ദിശയിൽ നയിച്ചവരാണ് യഥാർത്ഥത്തിൽ വർഗവഞ്ചകരെന്നും, അതിനാൽ ആരാണ് വർഗവഞ്ചകരെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർത്ഥ വർഗ്ഗ വഞ്ചകരെന്നും അങ്ങനെയെങ്കിൽ ആരാണ് വർഗ്ഗ വഞ്ചകരെന്നത് വ്യക്തമാണെന്നും പറഞ്ഞ അദ്ദേഹം, എം വി ഗോവിന്ദൻ വലിയ മഹത്വമൊന്നും പറയേണ്ടതില്ലെന്നും തുറന്നടിച്ചു.

















































