വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശിനി അഞ്ചു ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശിനി സിന്ധുവിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ 30-നാണ് അഞ്ചുവും സഹപ്രവർത്തകയും സുഹൃത്തുമായ ഐശ്വര്യയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അഞ്ചു മരിച്ചു. ഐശ്വര്യ ഇപ്പോഴും ചികിത്സയിലാണ്.
അന്വേഷണത്തിൽ, ഇരുവരും ജോലി ചെയ്തിരുന്ന സ്വർണ പണയ സ്ഥാപനങ്ങളിൽ പണയം വെച്ചിരുന്ന ഏകദേശം 70 പവൻ സ്വർണം സിന്ധുവിന് കൈമാറിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പിന്നീട് ഈ സ്വർണം മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെച്ച് പണം സമാഹരിച്ചെന്നും, അതിൽ നിന്നുള്ള കമ്മീഷൻ അഞ്ചുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നുവെന്നുമാണ് അന്വേഷണ വിവരം.
പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ഉടമകൾ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സ്വർണം യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ സ്ഥാപനം അന്വേഷണം ആരംഭിക്കുകയും സംഭവം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ഇരുവരെയും ആത്മഹത്യയ്ക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
കേസിൽ അറസ്റ്റിലായ സിന്ധു മുമ്പും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.


















































