ടെഹ്റാൻ: മുൻ പരമോന്നത നേതാവ് അലി ഖമനേയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നതിനിടെ, അദ്ദേഹത്തിനൊപ്പം മരിച്ച കുടുംബാംഗങ്ങളുടെ ഭൗതികശരീരങ്ങളും പൊതുദർശനത്തിന് വെച്ചത് വികാരനിർഭര രംഗങ്ങൾക്ക് സാക്ഷിയായി. അവയിൽ 14 മാസം മാത്രം പ്രായമായിരുന്ന പേരമകൾ സഹ്റ മൊഹമ്മദിയുടെ ചെറിയ ശവമഞ്ചവും ഉണ്ടായിരുന്നു. ശവമഞ്ചത്തിനരികെ സ്ഥാപിച്ചിരുന്ന കുഞ്ഞ് സഹ്റയുടെ ചിത്രവും നിരവധി പേരെ കണ്ണീരിലാഴ്ത്തി.
ഇറാൻ ദേശീയപതാക പുതപ്പിച്ചാണ് അലി ഖമനേയിയുടെ ശവമഞ്ചം ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽ സ്ഥാപിച്ചിരുന്നു. നിറകണ്ണുകളോടെയാണ് ജനങ്ങൾ തങ്ങളുടെ മുൻ നേതാവിനും കുടുംബാംഗങ്ങൾക്കും അന്തിമോപചാരം അർപ്പിച്ചത്.
ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയത്. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിലും പരിസര പ്രദേശങ്ങളിലുമായി വൻജനാവലിയാണ് എത്തുന്നത്. അടുത്ത മൂന്ന് ദിവസത്തിനിടെ ഏകദേശം രണ്ട് കോടി പേർ വരെ ആദരാഞ്ജലി അർപ്പിക്കാനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതിനാവശ്യമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭൗതികശരീരത്തിന് മുന്നിലെത്തിയ നിരവധി പേർ പൊട്ടിക്കരഞ്ഞ് ആദരാഞ്ജലി അർപ്പിക്കുന്നതും ചടങ്ങുകൾക്കിടെ വികാരനിർഭര രംഗങ്ങൾ അരങ്ങേറുന്നതും കാണാനായി. ഇതിനിടെ, പലരും ‘അമേരിക്കയ്ക്ക് മരണം ‘ ‘പ്രതികാരം വേണം, പ്രതികാരം വേണം ‘ തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.
ഗ്രാൻഡ് മൊസല്ലയിലെ പൊതുദർശനത്തിന് ശേഷം ഇറാനിലെയും ഇറാഖിലെയും വിശുദ്ധ നഗരങ്ങളിലൂടെ വിലാപയാത്ര സംഘടിപ്പിക്കും. തുടർന്ന് ജൂലൈ ഒൻപതിന് അലി ഖമനേയിയുടെ ജന്മനാടായ മഷാദിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


















































