ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ജാപ്പനീസ് നിക്ഷേപം വൻതോതിൽ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും പുതിയ ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തിക്കാനുള്ള സഹകരണത്തിന് രൂപം നൽകിയത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യ–ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി ‘സവിശേഷ സാമ്പത്തിക-സുരക്ഷാ പങ്കാളിത്ത’ തലത്തിലേക്ക് ഉയർത്താനും നേതാക്കൾ ധാരണയായി. പ്രതിരോധം, സമുദ്രസുരക്ഷ, ഊർജ്ജ മേഖലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണം കൂടുതൽ വിപുലമാക്കാനും തീരുമാനമായി.
ഊർജ്ജം, വ്യാപാരം, ഔഷധ നിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവച്ചു. ഇന്ത്യയുടെ വികസനയാത്രയിൽ ജപ്പാൻ നിർണായക പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മോദിയെ ‘ജ്യേഷ്ഠ സഹോദരൻ’ എന്ന് വിശേഷിപ്പിച്ച ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചി, ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിൽ ജാപ്പനീസ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുത്ത ബിസിനസ് സമ്മേളനത്തിലും സനയ് തകയ്ച്ചി പങ്കെടുത്തു.

















































