കൊല്ലം: ഹെഡ്ഫോൺ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിൻറെ ഒരു കൈ അറ്റു. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ജോൺ എന്ന യുവാവാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്.
മധുരൈ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് ഇയാളെ തട്ടിയത്. ജോൺ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.






