തിരുവനന്തപുരം: കർണാടകയിലെപ്പോലെ സംസ്ഥാനത്ത് മദ്യം വാങ്ങാൻ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് പൂർത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നിയമം കൊണ്ടുവന്നുവെങ്കിലും അത് ശക്തമായി രീതിയിൽ നടപ്പിലായിരുന്നില്ല.
എന്നാൽ കർണാടക മോഡൽ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കർശനമാക്കാനാണ് ആലോചന. ‘നോ ഐഡി നോ എൻട്രി’ എന്ന കർണാടക മാതൃകയിലാണ് 23 വയസ്സാകാത്തവർക്ക് മദ്യ വിൽക്കുന്നതിനുള്ള നിരോധനം കർശനമാക്കുന്നത്.
അതേസമയം വീര്യം കുറഞ്ഞ മദ്യം വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് പ്രായപരിധി കർശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. 18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ഇത് 23 വയസായും ഉയർത്തിയിരുന്നു. 23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കർശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സർക്കാർ വിലയിരുത്തൽ.


















































