ചേർത്തല: അനാരോഗ്യവും അവശതയും കാരണം വീടിനോട് ചേർന്ന ചതുപ്പിൽ വീണ് ഒരു ദിവസം മുഴുവൻ കിടക്കേണ്ടിവന്ന അന്ധവയോധികനെയും, അവശനിലയിലായിരുന്ന സഹോദരിയെയും മാനസിക വെല്ലുവിളി നേരിടുന്ന മകനെയും പൊതുപ്രവർത്തകരുടെയും അയൽവാസികളുടെയും ഇടപെടലിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചേർത്തല വയലാർ എട്ടുപുരയ്ക്കലിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം.
69-കാരനായ ജയദേവൻ വ്യാഴാഴ്ച ചതുപ്പിലേക്ക് വീണതായാണ് വിവരം. എന്നാൽ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് നാട്ടുകാർ അദ്ദേഹത്തെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തിയത്. അന്ധനായതിനാൽ സ്വയം എഴുന്നേൽക്കാനോ സഹായം തേടാനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതേസമയം, വീട്ടിലുണ്ടായിരുന്ന 67-കാരിയായ സഹോദരി യശോദയും ഗുരുതര അവശനിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന 41-കാരനായ ലിജു മാനസിക വെല്ലുവിളി നേരിടുന്ന നിലയിലായതിനാൽ സഹായം തേടാൻ അദ്ദേഹത്തിനും സാധിച്ചില്ല. ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
തുടർന്ന് പൊതുപ്രവർത്തകരും അയൽവാസികളും ചേർന്ന് ജയദേവനെയും യശോദയെയും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ഇരുവരെയും ആറാട്ടുപുഴയിലെ സാമൂഹിക ക്ഷേമവകുപ്പിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ലിജുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ക്ഷേമപെൻഷൻ മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനമെന്ന് നാട്ടുകാർ പറയുന്നു. ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും പലപ്പോഴും അയൽവാസികളാണ് നിറവേറ്റിയിരുന്നത്. കനത്ത മഴയെ തുടർന്ന് വീട് കൂടുതൽ ഒറ്റപ്പെട്ടതോടെയാണ് ഇവരുടെ ദുരിതം രൂക്ഷമായത്.
ജയദേവനെയും യശോദയെയും ഒരുമിച്ച് അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിൽ സാങ്കേതിക തടസ്സമുണ്ടായെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലിനെ തുടർന്ന് രാത്രിയോടെ ഇരുവർക്കും സുരക്ഷിത താമസം ഒരുക്കാൻ സാധിച്ചു. ആശാ പ്രവർത്തകരുടെയും നാട്ടുകാരുടെയും പൊലീസിന്റെയും സാമൂഹിക ക്ഷേമവകുപ്പിന്റെയും സംയുക്ത ഇടപെടലാണ് മൂന്ന് പേരുടെയും ജീവിതത്തിന് തുണയായത്.


















































