മലപ്പുറം: രാവും പകലും ഉറക്കവും വിശ്രമവുമില്ലാതെ പഠിച്ച് പരീക്ഷയെഴുതാൻ ഹാളിന്റെ പടിവാതിൽക്കൽ എത്തിനിൽകുമ്പോഴാണ് നീറ്റ് പരീക്ഷയെഴുതാൻ തിരിച്ചറിയൽ രേഖയില്ലായെന്ന് വിദ്യാർത്ഥിനിക്ക് മനസിലായത്. ടെൻഷനിടയിൽ തിരിച്ചറിയൽ രേഖയെടുക്കാൻ മറന്നു പോയി… മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിനി അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖ കൈയിൽ എടുക്കാൻ മറന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ വിദ്യാർത്ഥിനിയും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും എന്തുചെയ്യണമെന്നറിയാതെ കണ്ണീരൊഴുക്കുകയായിരുന്നു. പരീക്ഷാ സമയം അടുത്തിരുന്നതിനാൽ മഞ്ചേരിയിലെ വീട്ടിൽ തിരിച്ചുപോയി കാർഡെടുത്ത് വരാനുള്ള സമയം ഒട്ടുമില്ലായിരുന്നു. ഈ സമയത്താണ് സ്‌കൂളിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അരീക്കോട് പോലീസ് സ്റ്റേഷനിലെ സിപിഒ സാജിദ് റഹ്‌മാൻ രക്ഷകനായി ഇവരുടെ അടുത്തെത്തുന്നത്.
ഹാളിനു മുന്നിൽ കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയ സാജിദ്, വിദ്യാർത്ഥിനിയുടെ കൈവശമ ആധാർ കാർഡിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുണ്ടെന്ന് മനസിലാക്കി. ഇതോടെ ‘മോൾ കരയേണ്ട, പരീക്ഷ എഴുതാൻ ഞാൻ പരിഹാരമുണ്ടാക്കാം,നമുക്ക് പരീക്ഷ എഴുതാം ‘ എന്ന് ധൈര്യം നൽകിയത്. പിന്നാലെ മൊബൈൽ നമ്പറടങ്ങിയ ഫോണുമായി ഉടനടി അരീക്കോട് പോലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെ ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക പോർട്ടൽ വഴി മിനിറ്റുകൾക്കകം കുട്ടിയുടെ തിരിച്ചറിയൽ രേഖ ഡൗൺലോഡ് ചെയ്യുകയും, അതിന്റെ പ്രിന്റൗട്ട് എടുത്ത് പരീക്ഷാ സമയം വൈകുന്നതിന് തൊട്ടുമുൻപ് സ്‌കൂളിലെത്തിച്ച് വിദ്യാർത്ഥിനിക്ക് കൈമാറുകയും ചെയ്തു.
ആ പോലീസുകാരന്റെ ഈ കൃത്യസമയത്തെ ഇടപെടൽ മൂലം മാത്രമാണ് വിദ്യാർത്ഥിനിക്ക് യാതൊരു തടസവുമില്ലാതെ നീറ്റ് പരീക്ഷ എഴുതാൻ സാധിച്ചത്. വാഴക്കാട് സ്വദേശിയായ സാജിദ് റഹ്‌മാൻ കഴിഞ്ഞ 12 വർഷമായി പോലീസ് സർവീസിലുണ്ട്. അരീക്കോട് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി.
















































