ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ പാകിസ്താന് കടുത്ത മറുപടിയുമായി ഇന്ത്യ. അന്താരാഷ്ട്ര വേദികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ഹരീഷ് പർവതനേനി കുറ്റപ്പെടുത്തി. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും ആഭ്യന്തരവുമായ വിഷയമാണെന്നും അദ്ദേഹം ആവർത്തിച്ചു. സുരക്ഷാ സമിതിയിൽ പാകിസ്താൻ പ്രതിനിധി നടത്തിയ പരാമർശങ്ങൾ തികച്ചും അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് ഹരീഷ് പർവതനേനി വ്യക്തമാക്കി.
നിഷ്പക്ഷമായി പെരുമാറേണ്ട ഒരു സഹ-അധ്യക്ഷൻ ഇത്തരത്തിൽ ഫോറത്തെ രാഷ്ട്രീയവൽക്കരിക്കാൻ തീരുമാനിച്ചത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്താന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നത്. 62-ാമത് മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിലും പാകിസ്താന്റെ ഭീകരവാദ നയങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയിൽ സംസാരിച്ചു. പാകിസ്താനെ ഒരു ‘ഫ്രാങ്കൻസ്റ്റീൻ സ്റ്റേറ്റ്’ എന്നാണ് യു.എന്നിലെ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ് വിശേഷിപ്പിച്ചത്.
ഭീകരവാദികളെ പരിശീലിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന പ്രതിരോധ മന്ത്രിയുള്ള രാജ്യമാണ് പാകിസ്താനെന്നും, ഭീകരവാദത്തിന്റെ ഇരയെന്ന് സ്വയം വിശേഷിപ്പിക്കുന്നത് വിരോധാഭാസമാണെന്നും അവർ പറഞ്ഞു. സ്വന്തം സൃഷ്ടിയായ ഭീകരത തിരിച്ചുകൊട്ടുമ്പോൾ അത്ഭുതപ്പെടുന്ന പാകിസ്താന്റെ അവസ്ഥ ഒരു ജീവിക്കുന്ന ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.















































