കൊച്ചി: കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ ഇരുപതുകാരൻ പിടിയിൽ. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് (20) ആണ് പിടിയിലായത്. കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് അറസ്റ്റിലായ പ്രതി. ഇയാൾ സ്ഥിരമായി അങ്കണവാടിയിലെത്തി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
കേസെടുത്ത പിറകെ മുങ്ങിയ പ്രതിയെ ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എളമക്കര പോലീസ് പിടികൂടിയത്. കൊച്ചി എളമക്കരയിൽ ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. തുടർന്ന് മാതാപിതാക്കൾ കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കർശന നടപടിക്ക് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകിയിരുന്നു.
വീഴ്ച വരുത്തിയ അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽ നിന്ന് നീക്കം ചെയ്യാൻ മന്ത്രി നിർദ്ദേശം നൽകി. അങ്കണവാടി പരിസരങ്ങളിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന കർശന സർക്കാർ നിർദ്ദേശം ലംഘിച്ചതിനായിരുന്നു നടപടി. ഇതിന് പുറമേ സംഭവത്തെ കുറിച്ച് വിശദമായ അന്വഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം നാളെ അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും.















































