തിരുവനന്തപുരം: അതിതീവ്രമഴ വ്യാപക നാശനഷ്ടങ്ങൾ വിതച്ചെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ കെഎസ്ഇബിക്ക് ആശ്വാസമായി. എന്നാൽ നിലവിൽ വൈദ്യുതി ഉൽപാദനം വലിയ തോതിൽ വർധിപ്പിക്കാതെ, വരാനിരിക്കുന്ന വേനൽക്കാലം മുന്നിൽക്കണ്ട് ജലസംഭരണം നിലനിർത്താനാണ് ബോർഡിന്റെ തീരുമാനം.
ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ 282 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ വെള്ളമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 640 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ്. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളിലെ ജലസംഭരണം ആകെ ശേഷിയുടെ 48 ശതമാനത്തിലെത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംഭരണം ഇപ്പോഴും കുറവാണ്. നിലവിൽ 1,987.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 3,154 ദശലക്ഷം യൂണിറ്റായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ ആഴ്ചയേക്കാൾ സ്ഥിതി മെച്ചപ്പെട്ടതായി കെഎസ്ഇബി വിലയിരുത്തുന്നു.
മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. ഒരാഴ്ച മുമ്പ് 90 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ഉപയോഗം ബുധനാഴ്ച 82.14 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഇതോടെ പുറത്തുനിന്ന് വാങ്ങേണ്ടിവന്ന വൈദ്യുതിയുടെ അളവും കുറഞ്ഞു. ഈ മാസത്തെ ആദ്യ ആഴ്ചയിൽ ശരാശരി 57.53 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം ഇത് 68.76 ദശലക്ഷം യൂണിറ്റായിരുന്നു.
ചെറുകിട അണക്കെട്ടുകൾ നിറഞ്ഞതോടെ ജലവൈദ്യുതി ഉൽപാദനം ശരാശരി 20.17 ദശലക്ഷം യൂണിറ്റായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 15.25 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോഴും പൂർണതയിലെത്താത്തതിനാൽ അവയിൽ നിന്ന് ഉൽപാദനം വർധിപ്പിക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
മുന്നിലുള്ള മാസങ്ങളിൽ മഴ കുറയാൻ സാധ്യതയുള്ളതിനാലും വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാലും ജലം കരുതിവെക്കുകയാണ് ബോർഡിന്റെ തന്ത്രം. പുറത്തുനിന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിലെ വെള്ളം വേനൽക്കാല ആവശ്യങ്ങൾക്കായി സംരക്ഷിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.





