പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സ്വയം ദൈവാവതാരമെന്ന് അവകാശപ്പെട്ട് യുവതിയെ വർഷങ്ങളോളം പീഡിപ്പിച്ച വ്യക്തിയും കൂട്ടാളികളും അറസ്റ്റിൽ. യുവതിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും, ഭർത്താവിനെ വിട്ട് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും, മോഷണത്തിന് പ്രേരിപ്പിക്കുകയും, ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ‘ഗോഡ്‍മാൻ’ രാധേശ്യം മിശ്ര അഥവാ രാധാമോഹൻ മിശ്രയും സംഘവുമാണ് അറസ്റ്റിലായത്
പൂനെയിലെ വാഘോളിയിലെ ഉബാലെ നഗർ പ്രദേശത്ത് ‘മോഡേൺ ഗുരുകുലം’ എന്ന പേരിൽ ആശ്രമം നടത്തിവന്ന മിശ്ര, വർഷങ്ങളായി വിശ്വാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തും വരികയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. 2010ഓടെ ഇയാളുടെ സ്വാധീനത്തിലായ യുവതി പിന്നീട് ഇയാളുടെ പീഡനങ്ങൾക്ക് ഇരയായി.
ഇവരുടെ കുടുംബത്തിൽ നിന്ന് വേർതിരിച്ച മിശ്ര, ഭർത്താവിനെ വിട്ട് വിവാഹമോചനം നേടാൻ നിർബന്ധിച്ചു. 2010 മുതൽ 2016 വരെ ഇയാൾ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും, ശാരീരികമായി ആക്രമിക്കുകയും, വൈദ്യുതാഘാതം നൽകി പീഡിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, അശ്ലീല ദൃശ്യങ്ങൾ പകർത്തി പിന്നീട് ബ്ലാക്ക്മെയിലിംഗിനായി ഉപയോഗിച്ചതായും പോലീസ് പറയുന്നു.
സ്വയം ദൈവാവതാരമാണെന്ന് വിശ്വസിപ്പിച്ച് സ്ത്രീയെയും മറ്റ് അനുയായികളെയും മാനസികമായി നിയന്ത്രിച്ച ഇയാൾ, സ്ത്രീയെ തന്റെ മൂത്രം കുടിപ്പിക്കാൻ നിർബന്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആശ്രമത്തിനായി പണം സമ്പാദിക്കാൻ സ്ത്രീയെ മോഷണത്തിനും ഇയാൾ പ്രേരിപ്പിച്ചു.
പോലീസ് ആശ്രമത്തിൽ നടത്തിയ റെയ്ഡിൽ ഭൂഗർഭ മുറിയിൽ നിന്ന് വലിയ തോതിൽ തെളിവുകൾ കണ്ടെത്തി. 12 ലാപ്‌ടോപ്പുകൾ, 11 മൊബൈൽ ഫോണുകൾ, 19 ഹാർഡ് ഡിസ്കുകൾ, നിരവധി പെൻഡ്രൈവുകളും കാസറ്റുകളും പിടിച്ചെടുത്തു. 6.5 ലക്ഷം രൂപ പണവും ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും കണ്ടെത്തി. വലിയ തോതിൽ മരുന്നുകളും ഗുളികകളും കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്.
മിശ്രയെയും അടുത്ത അനുയായി ‘സ്വാമി’ കന്വൽ നായൻ ഉൾപ്പെടെ ഏഴ് സഹപ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ഇരകൾ മുന്നോട്ട് വരാനിടയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ശനിയാഴ്ച വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
















































