കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ യുവാവിനും യുവതിക്കും നേരെ ആൾക്കൂട്ട വിചാരണ. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. വാഹനം നിർത്താതെ പോയപ്പോൾ മുതൽ ഈ കാറിനായുള്ള തെരച്ചിലിലായിരുന്നു നാട്ടുകാർ. തുടർന്ന് ഇന്നലെ കാർ കണ്ടെത്തുകയും നാട്ടുകാരും പോലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു.
പോലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. അതേസമയം, മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിയോട് നിന്റെ മുഖം കാണിക്ക്, നീയെന്തിനാ മറച്ചുപിടിച്ചിരിക്കുന്നത്, നിനക്കും മക്കളില്ലേയെന്നും ചോദിച്ചായിരുന്നു വിചാരണ. ഇതിനിടെ യുവതിയുടെ മുഖത്തടിക്കുന്നതും സ്ത്രീകൾ മറച്ചുപിടിച്ച യുവതിയുടെ കൈ നീക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം കാർ ഓടിച്ച യുവാവ് കാപ കേസ് പ്രതിയാണ്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവാവിനെ കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച് കയ്യിലും കാലിലും തൂക്കിയെടുത്താണ് ആൾക്കൂട്ടം പുറത്തെത്തിച്ചത്. ഇതിനിടെ കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് ലാത്തി വീശിയാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഇരുവരേയും പുറത്തെത്തിച്ചത്. ഇതിനിടെ ഓപ്പറേഷൻ തൂഫാൻ എന്നു പറഞ്ഞ് മാസ് ഡയലോഗുകളും ചേർത്ത് പലരും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
















































