കൊച്ചി: പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്താൽ ആവശ്യത്തിനുള്ള ചാറ് കൂടി വിളമ്പുന്നത് കേരളത്തിലെ ഭക്ഷണശാലകളിൽ വർഷങ്ങളായി കാണുന്ന കാഴ്ച. എന്നാൽ ഈ ചാറിനെ ചൊല്ലി ഉപഭോക്താക്കളും ഹോട്ടൽ ഉടമകളും തമ്മിൽ നിയമപോരാട്ടം വരെ എത്തുമെന്ന് ആരും കരുതിയിരിക്കില്ല.
“ചാറ് കിട്ടിയില്ല” എന്ന പരാതിയിൽ തുടങ്ങിയ ഒരു തർക്കം ഇപ്പോൾ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ പരിഗണനയിലാണുള്ളത്. കേരളത്തിലെ ഹോട്ടലുകളിൽ പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി സൗജന്യമായി നൽകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോൾ പലരും.
2025 മേയ് 19ന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഒരു നിർണായക വിധി പുറപ്പെടുവിച്ചിരുന്നു. പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നൽകണമെന്നത്റെ നിർബന്ധമല്ലയെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്താവിന്റെ പരാതി കമ്മീഷൻ തള്ളിക്കളഞ്ഞു. ഈ വിധിക്ക് പിന്നാലെ സംസ്ഥാനത്തെ നിരവധി ഹോട്ടലുകൾ “ഗ്രേവി നിർബന്ധമല്ല” എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
എന്നാൽ കഥ അവിടെ അവസാനിച്ചില്ല.
വിധിക്കെതിരെ അപ്പീൽ നൽകിയ എറണാകുളം സ്വദേശിയും അഭിഭാഷകനുമായ ഷിബു വയലകത്തിന്റെ വാദങ്ങൾ പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ, കേസിൽ കൂടുതൽ തെളിവെടുപ്പ് ആവശ്യമുണ്ടെന്ന് കണ്ടെത്തി. ജില്ലാ കമ്മീഷന്റെ വിധിയിൽ പിഴവുകൾ ഉണ്ടായേക്കാമെന്നും വിശദമായ അന്വേഷണം നടത്തി വീണ്ടും തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.
സംഭവത്തിന്റെ തുടക്കം 2024 നവംബർ 9നായിരുന്നു. സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ ഒരു റെസ്റ്ററന്റിലെത്തിയ ഷിബു പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണത്തോടൊപ്പം ഗ്രേവി നൽകാൻ റെസ്റ്ററന്റ് അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
നവംബർ 20ന് താലൂക്ക് സപ്ലൈ ഓഫീസർ ഹോട്ടലിൽ പരിശോധന നടത്തി. ഗ്രേവി നൽകിയില്ലെന്ന കാര്യം പരിശോധനയിൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും കേരളത്തിൽ “ചാറ്” ഒരു വികാരമാണ്. ഹോട്ടലുകളിൽ ഗ്രേവി ലഭിക്കാത്തതിനെ ചൊല്ലി തർക്കങ്ങളും അടിപിടികളും വരെ ഉണ്ടായ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കേസ് ഒരു സാധാരണ ഉപഭോക്തൃ പരാതിയെക്കാൾ ഏറെ ശ്രദ്ധ നേടുകയാണ്. സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ നിർദേശപ്രകാരം വീണ്ടും തെളിവെടുപ്പ് നടക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. അങ്ങനെ പൊറോട്ടയ്ക്കൊപ്പം ഗ്രേവി സൗജന്യമായി ലഭിക്കേണ്ടതാണോ അല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമാകും.















































