തൃശ്ശൂർ: പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മളെ തേടിവരുമെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ അവതാരങ്ങൾ അകത്ത് കയറിയോ എന്ന് പരിശോധിക്കണം. ഇത്തരം അവതാരങ്ങളെ മാറ്റിനിർത്തിയേ പറ്റൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിലായിരുന്നു വിമർശനം. എന്നാൽ, പിന്നീട് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തി. ‘താൽക്കാലികമായി ലാഭം തേടി വന്നുപോകുന്ന ചില ആൾക്കാരുണ്ടാകും .അപ്പപ്പോൾ നേട്ടം തേടി വരുന്നവർ. പദവികൾ സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവർ.
അവരല്ല ബന്ധുക്കൾ. ഇവരെക്കുറിച്ച് പിണറായി വിജയൻ തുടക്കത്തിൽ തന്നെ പറഞ്ഞത് ചില അവതാരങ്ങൾ എന്നായിരുന്നു. നമ്മളെ തേടിവരുമെന്നും നാം സൂക്ഷിക്കണമെന്നും അത്തരക്കാരെ അകറ്റി നിർത്തണമെന്നും പിണറായി വിജയൻ പറഞ്ഞ ആ അവതാരങ്ങൾ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? നമ്മുടെ ബന്ധുക്കൾ നമ്മിൽ നിന്ന് അകന്നു പോകാൻ അവർ നിമിത്തമായോ? ആ ചോദ്യം ചോദിക്കാൻ ഭയപ്പെടാൻ പാടില്ല.
ഭയപ്പാട് കൂടാതെ വേണം ആ ചോദ്യം ചോദിക്കാൻ. ഉണ്ടെങ്കിൽ, സത്യമാണെങ്കിൽ അത്തരം അവതാരങ്ങളെ നാം അകറ്റിയേ മതിയാകു. അതാണ് പാഠം. അത്തരം തിരുത്തലിൽ കൂടിയാണ് ഇടതുപക്ഷം അതിന്റെ ബന്ധുക്കളിലേക്കുള്ള പാലം കെട്ടിപ്പടുക്കേണ്ടത്. ആ പാലം തകർന്നു പോയിരിക്കുന്നു’- ബിനോയ് വിശ്വം പ്രസംഗത്തിൽ പറഞ്ഞു.

















































