പട്ന: വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്കു പിന്നാലെ ബിഹാർ ക്രിക്കറ്റിൽനിന്ന് മറ്റൊരു പുത്തൻ താരോദയം. ജില്ല അണ്ടർ 16 ക്രിക്കറ്റ് ലീഗിൽ മുസഫർപുർ സ്വദേശിയായ 14 വയസുകാരൻ 83 പന്തുകളിൽ അടിച്ചുകൂട്ടിയത് 210 റൺസ്. 35 ഫോറുകളും ഒൻപതു സിക്സുകളുമാണ് അയൻ രാജ് സൻസ്ക്രിതി എന്ന 14 കാരൻ ക്ലബ്ബിനു വേണ്ടി അടിച്ചുകൂട്ടിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ അടുത്ത സുഹൃത്താണ് അയൻ രാജ്. അയൻരാജിന്റെ ബാറ്റിങ് കരുത്തിൽ 30 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൻസ്കൃതി ക്ലബ്ബ് നേടിയത് 464 റൺസ്.
അതേസമയം ഇതാദ്യമായല്ല അയൻരാജ് ജില്ലാതല ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷം ഇതേ ക്ലബ്ബിനു വേണ്ടി അയൻരാജ് ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുസഫർപുരിൽ നടന്ന ലീഗ് മത്സരത്തിൽ 134 പന്തുകളിൽനിന്ന് 327 റൺസാണ് അയൻ രാജ് അടിച്ചെടുത്തത്. തകർപ്പൻ ഫോമിലുള്ള അയൻരാജ് വൈകാതെ ബിഹാർ ടീമിനായി അരങ്ങേറ്റ മത്സരം കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം.
















































