ടെഹ്റാൻ/ജെറുസലേം: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനിൽ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ അപ്രതീക്ഷിത കൂട്ട മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം.ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന ആക്രമണം നടത്തിയത്. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും അതീവ ഗുരുതര ഘട്ടത്തിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ നഗരങ്ങളിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ടെഹ്റാനിൽ കുറഞ്ഞത് രണ്ട് വൻ സ്‌ഫോടനങ്ങളും ഇസ്ഫഹാനിൽ മൂന്ന് സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
‘ഭീകര ഭരണകൂടത്തിന്റെ’ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി. ഇതിനൊപ്പം തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാതകൾ ഇറാൻ താൽക്കാലികമായി അടച്ചു.
എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ ആരോപിച്ചു. അതേസമയം, ഇസ്രയേലിനെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല.
ഇറാനുമായി കരാറിലേക്കെത്താനുള്ള സാധ്യതകളുണ്ടെന്നും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് വലിയ തിരിച്ചടി ഉണ്ടാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് പുതിയ ആക്രമണം നടന്നത്. ഇസ്രയേൽ തന്റെ നിർദേശങ്ങൾ പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ നൂറുദിനം പിന്നിടുന്നതിനിടെയാണ് പുതിയ സൈനിക ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.


















































