മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം വാണിജ്യ എണ്ണക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ‘സെറ്റിബെല്ലോ’ എന്ന കപ്പലിൽ ഉണ്ടായ ആക്രമണത്തിൽ 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 24 പേരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റു രണ്ടുപേരെ കാണാതാവുകയും ചെയ്തു. മരിച്ചതും ഇന്ത്യക്കാരനാണ്. സംഭവത്തിൽ ഗുരുതര ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, പ്രദേശത്തെ സുരക്ഷാ സാഹചര്യം വേഗത്തിൽ വഷളാകുന്നതായി ചൂണ്ടിക്കാട്ടി. ആക്രമണത്തെ തുടർന്ന് ന്യൂഡൽഹി അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുകയും വിശദീകരണം തേടുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, ഇന്ത്യയിലെ അമേരിക്കൻ ചാർജ് ഡി’അഫയേഴ്സ് ജേസൺ മീക്സ് എന്നിവരെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അടുത്തുനിന്ന് നിരീക്ഷിക്കുന്നതായും കാണാതായ ഇന്ത്യൻ പൗരന്മാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപം, ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരിക്കെ പാലാവു പതാകയിലുള്ള ‘സെറ്റിബെല്ലോ’ കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് മിസൈൽ പതിച്ചതോടെ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. ആകെ 28 ജീവനക്കാരുള്ള കപ്പലിൽ 24 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു. ആക്രമണത്തിന് പിന്നാലെ കപ്പൽ ഡിസ്റ്റ്രസ് സിഗ്നൽ അയച്ചതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കടലിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങൾക്കും സമീപ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾക്കും ചേർന്നാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
അതേസമയം സംഭവത്തെ കുറിച്ച് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ് (CENTCOM) വിശദീകരണം നൽകി. നാവിക ഉപരോധം ലംഘിച്ചതിനെ തുടർന്ന് കപ്പലിനെ പ്രവർത്തനരഹിതമാക്കാൻ കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ച് എഞ്ചിൻ റൂമിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതാണെന്ന് അവർ വ്യക്തമാക്കി. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നും അവകാശപ്പെട്ടു. ഈ വിശദീകരണം പുറത്തുവന്നതോടെ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര വിവാദം കൂടുതൽ രൂക്ഷമായി.
മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിലൂടെ ലോകത്തിലെ വലിയൊരു വിഹിതം എണ്ണയും വാതകവും കടന്നുപോകുന്നതിനാൽ ഇവിടെ ഉണ്ടാകുന്ന ഓരോ സുരക്ഷാ പ്രശ്നവും ആഗോള വ്യാപാരത്തെയും ഊർജ വിപണിയെയും നേരിട്ട് ബാധിക്കുന്നു. ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും അതിന് മറുപടിയായി ഉണ്ടായ നീക്കങ്ങളും മേഖലയിൽ കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഒമാൻ, യുഎഇ, കുവൈത്ത് തീരങ്ങളോട് ചേർന്ന് നിരവധി കപ്പലുകൾ ആക്രമണങ്ങൾക്ക് ഇരയായതും ഈ സാഹചര്യം കൂടുതൽ അപകടകരമാക്കി.
ഈ സാഹചര്യത്തിൽ ഇന്ത്യ വീണ്ടും സംഘർഷം ഉടൻ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നയതന്ത്രപരമായ ചർച്ചകൾ വഴി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അന്താരാഷ്ട്ര കടൽപാതകളിലൂടെ സ്വതന്ത്രവും തടസമില്ലാത്തതുമായ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ കടൽ തൊഴിലാളി സമൂഹങ്ങളിലൊന്നുള്ള ഇന്ത്യയുടെ നിരവധി പൗരന്മാർ ഇത്തരം സംഘർഷങ്ങളിൽ കുടുങ്ങുന്നത് വലിയ ആശങ്കയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

















































