ധാംബുള്ള (ശ്രീലങ്ക): ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്താൻ എ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ഇന്ത്യൻ സീനിയർ ജഴ്സിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ തുടക്കം പാളി. 14 റൺസെടുത്ത് താരം പുറത്തായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബാറ്റിങ് തെരഞ്ഞെടുത്തു. തിലക് വർമ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാൻ സിങ്, പ്രിയാംശ് ആര്യ, ആയുഷ് ബദോനി, അനുകുൽ റോയ്, അർഷദ് ഖാൻ ഉൾപ്പെടെ ഐപിഎൽ താരങ്ങളാണ് അണിനിരക്കുന്നത്.
വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ പ്രഭ്‌സിമ്രാൻ സിങ്ങും വൈഭവും ആണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. 12 പന്തിൽ 14 റൺസ് നേടിയ വൈഭവ്, ശ്രീലങ്കൻ ബൗളർ മുഹമ്മദ് ഷിറാസിന്റെ പന്തിൽ ക്യാച്ചായി പുറത്തായി. പ്രഭ്‌സിമ്രാൻ സിങ് രണ്ടുറൺസെടുത്ത് പുറത്തായപ്പോൾ പ്രിയാംശ് ആര്യ 32 റൺസസെടുത്ത് റണ്ണൗട്ടായി. 51 ബോളിൽ 37 റൺസുമായി ഋതുരാജ് ഗെയ്ക്വാദും 33 ബോളിൽ 11 റൺസുമായി ക്യാപ്റ്റൻ തിലക് വർമയുമാണ് ക്രീസിൽ. സഹൻ അരച്ചിഗെ ആണ് ശ്രീലങ്കയെ നയിക്കുന്നത്.
അതേസമയം ഐപിഎലിലെ മിന്നും താരങ്ങളുടെ ദീർഘ ഫോർമാറ്റിലെ പ്രകടനം വിലയിരുത്തൽ കൂടിയാകും ഈ ത്രിരാഷ്ട്ര പരമ്പരയിലൂടെ സാധ്യമാകുക. ഭാവിയിൽ തിലക് വർമയെ ഇന്ത്യൻ ക്യാപ്റ്റൻസിയിലേക്ക് കൊണ്ടുവരാനാകുമോ എന്നതിന്റെ പരീക്ഷണാർഥത്തിലാണ് അദ്ദേഹത്തെ ക്യാപ്റ്റനായി നിയോഗിച്ചത്. ഋതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റൻ.
















































