കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിൻറെ സംസ്കാരച്ചടങ്ങിൽ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടിയ ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബർമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി രജിഷ വിജയൻ. കാഴ്ചക്കാരെയും ടിആർപി റേറ്റിംഗും കൂട്ടാനുള്ള നെട്ടോട്ടത്തിനിടയിൽ മാധ്യമങ്ങൾക്ക് അടിസ്ഥാനപരമായ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടുവെന്ന് താരം ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഒരു ഇതിഹാസത്തിൻറെ നഷ്ടത്തിൽ ഞാൻ അങ്ങേയറ്റം ദുഃഖിതയാണ്. എന്നാൽ, മാധ്യമങ്ങളും കാമറകളും ദുഃഖിതരായ ആ കുടുംബത്തോട് കാണിക്കുന്ന അനാദരവും അല്പം പോലും സഹാനുഭൂതിയില്ലാത്ത പെരുമാറ്റവുമാണ് തന്നെ കൂടുതൽ വേദനിപ്പിക്കുന്നത്- രജിഷ കുറിച്ചു.
അതേസമയം സലിം കുമാറിൻറെ ഭൗതികശരീരം പറവൂരിലെ വസതിയിൽ സംസ്കരിക്കുന്ന ചടങ്ങുകൾക്കിടെയായിരുന്നു കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചിലർ ദൃശ്യങ്ങൾ പകർത്താൻ തള്ളിക്കയറിയത്. മൊബൈൽ കാമറകളുമായി മുഖത്തേക്ക് ഇരച്ചുകയറിയവരോട് അല്പം പിന്നോട്ട് മാറി നിൽക്കാൻ മകൻ ചന്തു സലിം കുമാർ ആവശ്യപ്പെട്ടു. പക്ഷെ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഇതു സമൂമഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പല പ്രമുഖരും ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരള പോലീസും ഓൺലൈൻ, യൂട്യൂബ് മീഡിയകൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.
















































