ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന നടത്തിയ ഒരു തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു ടെസ്റ്റ് മത്സരത്തിനിടെ ആർത്തവം ആരംഭിച്ചതിനെ തുടർന്ന് സാനിറ്ററി പാഡ് മാറ്റുന്നതിനായി അൽപസമയത്തേക്ക് മൈതാനം വിടാൻ അംപയറോട് അനുമതി തേടേണ്ടി വന്ന അനുഭവമാണ് താരം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലായിരുന്നു വെളിപ്പെടുത്തൽ.
‘‘ഞാൻ ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്, ആ ഒരു ചിന്താഗതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നമ്മൾ ആ ജഴ്സി അണിയുമ്പോൾ, നമ്മളെ ഏൽപ്പിച്ച ചുമതലയോട് പൂർണമായി നീതി പുലർത്തണം. ചിലപ്പോൾ സ്വന്തം ആർത്തവ വേദന പോലും അതിന് തടസ്സമാകാറില്ല. ഒരു പാഡ് ധരിക്കാനായി ഓടിയത് ഞാൻ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കാര്യമാണ്. അംപയറോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഞാൻ വെള്ള വസ്ത്രമാണ് (ടെസ്റ്റ് ജഴ്സി) ധരിച്ചിരുന്നത് എന്നതുകൊണ്ട് അംപയർക്കും മറ്റ് വഴികളില്ലായിരുന്നു, അവർക്ക് കാര്യം മനസ്സിലാവുകയും ചെയ്തു.’’– സ്മൃതി മന്ഥന പറഞ്ഞു.
താരം ഗ്രൗണ്ടിന് പുറത്തേക്ക് പോയതോടെ കുറച്ചുനേരം കളി തടസ്സപ്പെട്ടതായും വീഡിയോയിൽ പറയുന്നു. വനിതാ കായികതാരങ്ങൾ പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ മറികടന്നാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്നും അത്തരം വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയേണ്ടതിന്റെ ആവശ്യകതയുമാണ് സ്മൃതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ആർത്തവം പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ താരങ്ങൾക്ക് മൈതാനം വിടാൻ ക്രിക്കറ്റ് നിയമങ്ങൾ അനുമതി നൽകുന്നുണ്ടോ എന്ന ചർച്ചയ്ക്കും ഈ വെളിപ്പെടുത്തൽ വഴിവെച്ചിട്ടുണ്ട്. എംസിസി നിയമങ്ങളും ഐസിസി പ്ലേയിങ് കണ്ടീഷനുകളും പ്രകാരം, പരിക്കോ ആരോഗ്യപ്രശ്നങ്ങളോ മൂലം അംപയർമാർക്ക് ന്യായമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ താരങ്ങൾക്ക് താൽക്കാലികമായി ഗ്രൗണ്ട് വിടാൻ അനുമതിയുണ്ട്. അത്തരം സാഹചര്യങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറെ ഉപയോഗിക്കാനും ടീമുകൾക്ക് സാധിക്കും.
എന്നാൽ ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ നിലവിലെ ക്രിക്കറ്റ് നിയമങ്ങളിൽ വ്യക്തമല്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ അംപയർമാരുടെ വിവേചനാധികാരമാണ് നിർണായകമാകുന്നത്. വനിതാ താരങ്ങൾ നേരിടുന്ന യാഥാർഥ്യങ്ങളെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ വഴിതുറന്നിരിക്കുകയാണ്.

















































