മുംബൈ: ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ഉയർന്നതിന് പിന്നാലെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണവുമായി ശ്രേയസ് അയ്യർ. സമ്മർദങ്ങൾ തന്നെ തളർത്തുന്ന ഘടകമല്ലെന്നും, നായകസ്ഥാനം ലഭിച്ചതുകൊണ്ട് തന്റെ വ്യക്തിത്വത്തിലും സമീപനത്തിലും മാറ്റമൊന്നും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിൽ നടന്ന ‘പ്ലേ ടൈം 2026’ പരിപാടിയിലായിരുന്നു പുതിയ ഇന്ത്യൻ നായകന്റെ പ്രതികരണം. ചടങ്ങിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ്, ഓസ്ട്രേലിയൻ മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ എന്നിവരും പങ്കെടുത്തു.
സൂര്യകുമാർ യാദവിന് പകരക്കാരനായി ബിസിസിഐ ശ്രേയസ് അയ്യറിനെ ടി20 ടീമിന്റെ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നത്. മുംബൈയിലെ കടുത്ത മത്സരാന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് തന്നെ വെല്ലുവിളികളെ എപ്പോഴും സ്വാഗതം ചെയ്യുന്ന ആളാണ് താനെന്ന് ശ്രേയസ് പറഞ്ഞു.
“ഞാൻ ആരാണോ അതുതന്നെയായിരിക്കും തുടരും. മറ്റാരെയെങ്കിലും അനുകരിക്കാനോ, മറ്റൊരാളുടെ നിഴലിൽ ജീവിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. മുംബൈയിലെ ക്രിക്കറ്റ് സംസ്കാരം തന്നെ പോരാട്ടത്തിന്റെയും മത്സരത്തിന്റെയും കഥയാണ്. ഇവിടെ ഓരോ കുട്ടിയും ഒരുദിവസം മുംബൈയെ പ്രതിനിധീകരിക്കണമെന്ന സ്വപ്നവുമായി വളരുന്നു. അതുകൊണ്ടുതന്നെ വെല്ലുവിളികൾ എന്നെ ഭയപ്പെടുത്തുന്നില്ല,” ശ്രേയസ് പറഞ്ഞു.
തോൽവികളെക്കാൾ വിജയങ്ങളെ ലക്ഷ്യമിട്ടാണ് തന്റെ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നായകസ്ഥാനം വലിയ ഉത്തരവാദിത്തമാണ്. എന്നാൽ അതേസമയം അത് ഒരു മികച്ച അവസരവും വെല്ലുവിളിയുമാണ്. ടീമിനെ മുന്നോട്ട് നയിക്കാനുള്ള അവസരത്തെ ഞാൻ അതിയായ ആവേശത്തോടെയാണ് കാണുന്നത്,” അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, “ആരുടെയും നിഴലിൽ ഒതുങ്ങില്ല” എന്ന ശ്രേയസിന്റെ പരാമർശം ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ഉദ്ദേശിച്ചാണോ ഈ പരാമർശമെന്ന സംശയവും ഉയരുന്നുണ്ട്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത് ശ്രേയസ് ആയിരുന്നുവെങ്കിലും, കിരീടനേട്ടത്തിന്റെ പ്രധാന ക്രെഡിറ്റ് ഗംഭീറിനാണ് ലഭിച്ചതെന്ന വിലയിരുത്തൽ അന്നുണ്ടായിരുന്നു.
എന്നാൽ വിമർശനങ്ങൾക്കും അവഗണനകൾക്കും മറുപടി നൽകിയത് പിന്നീട് മൈതാനത്തായിരുന്നു. കെ.കെ.ആറിൽ നിന്ന് പിരിഞ്ഞ ശേഷം പഞ്ചാബ് കിങ്സിന്റെ നായകസ്ഥാനമേറ്റ ശ്രേയസ്, ടീമിനെ ഫൈനലിലെത്തിച്ച് തന്റെ നേതൃത്വമികവ് വീണ്ടും തെളിയിച്ചു. ആ പ്രകടനങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ അധ്യായത്തിന് നേതൃത്വം നൽകാൻ ഒരുങ്ങുന്ന ശ്രേയസ് അയ്യർ, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള ആത്മവിശ്വാസത്തോടെയാണ് ഇനി ദേശീയ ടീമിന്റെ മുൻനിരയിലേക്ക് ചുവടുവെയ്ക്കുന്നത്.

















































