തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. പാചക വാതകത്തിനു വില ഉയർന്നതു സംസ്ഥാനത്തു ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വാണിജ്യ സിലിണ്ടറുകൾ വില ഉയർന്നതോടെ ഹോട്ടലുകളിൽ വെള്ളം തിളപ്പിക്കാതെയാണു വിതരണം ചെയ്യുന്നത്. ചില ഹോട്ടലുകളിൽ പച്ചവെള്ളം മാത്രമേ ഉള്ളൂ. ചൂടുവെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ അതു തിളപ്പിച്ചതാണെന്നും പറയാനാവില്ല. ഉച്ചയൂണിനും മറ്റും വെള്ളം പേരിനു ചൂടാക്കി നൽകുന്നതു പതിവായിട്ടുണ്ട്. മഴക്കാലമായതോടെ ജലം അതിവേഗം മലിനമാകുന്നുവെന്നു വയറിളക്ക രോഗികളുടെ എണ്ണം വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഈ മാസം ഇതുവരെ 17,762 പേർക്കു വയറിളക്കം ഉണ്ടായി; 4 പേർ മരിച്ചു. ഭക്ഷണസാധനങ്ങൾ തുറന്നു വയ്ക്കുന്നതും രോഗികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്.കഴിഞ്ഞ വർഷത്തെ ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 133 പേർക്കു രോഗം ബാധിച്ചു. ഈ വർഷം രോഗികളുടെ എണ്ണം 85 കഴിഞ്ഞു. ഈ മാസം 10 പേർക്കാണു രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് ഈ വർഷം 2 പേരാണു മരിച്ചത്. കഴിഞ്ഞ വർഷം മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഷിഗെല്ല പ്രധാനമായും കുടലിനെയാണു ബാധിക്കുന്നത്. വയറുവേദന, വയറിളക്കം, പനി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണു ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള മരണത്തിൽ കൊലയാളിയായി മാറിയതു ഷിഗ വകഭേദം ആണോയെന്നു സംശയം. ഷിഗ ബാധിച്ചാൽ അതിവേഗം രോഗിയുടെ സ്ഥിതി വഷളാകും. 2017ൽ പാലക്കാട് ഷിഗെല്ല ബാധിച്ച മരിച്ച കേസിൽ ഷിഗ വകഭേദം കണ്ടെത്തിയിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഷിഗ ഉണ്ടോയെന്നാണു പരിശോധിക്കുന്നത്.
അതേസമയം, ആലപ്പുഴയിൽ കണ്ടെത്തിയതു ഷിഗെല്ലയുടെ വകഭേദമായ സോണി ആണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതു പൊതുവേ അപകടകാരിയല്ല. നിർജലീകരണം ഇല്ലാതാക്കിയാൽ സോണിയെ ഇല്ലാതാക്കാം. മൂന്നാമത്തെ വകഭേദമായ ഫ്ലെക്സിനേറിയും അത്ര അപകടകാരിയല്ല. ഷിഗെല്ല ബാധിക്കുന്ന കുട്ടികളിൽ മരണ നിരക്കു കൂടുതലായിരിക്കും.

















































