സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടയിലുണ്ടായ സംഭവങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. കുടുംബത്തിന് കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയിരുന്നുവെന്നും താന്‍ ആണ് അതിനെതിരെ ആദ്യം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങളല്ല. ഞാന്‍ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു.
ഔദ്യോഗിക ബഹുമതി നല്‍കാന്‍ പൊലീസിന് കഴിയുന്നില്ല. കുടുംബാംഗങ്ങളെ കര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. വല്ലാത്തൊരു സ്ഥിതിയായിരുന്നു. ഞാന്‍ ആയിരുന്നു അതിനോട് ആദ്യം പ്രതികരിച്ചത് – മുഖ്യമന്ത്രി പറഞ്ഞു. സലീംകുമാറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സലീംകുമാര്‍ രോഗബാധിതനായി കിടക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു അറ്റാക്ക് നടന്നു. ചത്തുകൂടെ എന്നാണ് ചോദിച്ചത്. എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്.
മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നു. നമ്മുടെ കേരളത്തിലാണോ ഇത് നടക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ നടനാണ്, മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ്. സുഖമില്ലാതെ കിടക്കുമ്പോള്‍, ചത്തുകൂടെ എന്നാണ് ചോദിച്ചത്. ആരാണ് ഇതിന്റെ പിറകില്‍. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട് ഇവിടെ. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാള്‍ സുഖമില്ലാതെ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ നടത്തിയൊരു ക്യാംപെയ്ന്‍ ഉണ്ടല്ലോ, നമ്മുടെ കേരളത്തിന് യോജിച്ചതല്ല. കേരളം അത് തിരിച്ചറിയും – അദ്ദേഹം പറഞ്ഞു.

















































