തെഹ്‌റാൻ: അമേരിക്കയുടെ നിരന്തര ആക്രമണത്തിന് ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻറെ മറുപടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്ന് ഇറാനിലെ വിവിധയിടങ്ങളിൽ യുഎസ് സേന തുടരെത്തുടരെ ആക്രമണങ്ങൾ നടത്തിയതോടെയാണ് ഇറാന്റെ പ്രതികാരം. ഏപ്രിലിലെ വെടിനിർത്തൽ കരാറിന് പിന്നാലെ യുഎസ് നിരന്തമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോർമൂസ് കടലിടുക്ക് അടച്ചിടാനാണ് തങ്ങളുടെ തീരുമാനമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്‌സ് വ്യക്തമാക്കി.
അതുപോലെ ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾ, വാണിജ്യ കപ്പലുകൾ എന്നിവയെ എല്ലാം ഇത് ബാധിക്കുമെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മുൻ കാലങ്ങളിൽ കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകാനുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളെ അവർ തള്ളുകയും ചെയ്തു.
ഇതിനിടെ അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിച്ച രണ്ട് ഓയിൽ ടാങ്കറുകളെ ആക്രമിച്ചിട്ടുണ്ടെന്നും ഐആർജിസി അറിയിച്ചു. ഹോർമൂസിന് സമീപം യുഎസ് അപ്പാച്ചീ ഹെലികോപ്റ്റർ തകർന്ന് വീണതിന് പിന്നാലെ യുഎസും ഇറാനും ആക്രമണ-പ്രത്യാക്രമണങ്ങൾ നടത്തിയിരുന്നു. ഇതോടെയാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമായത്. കഴിഞ്ഞദിവസം ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇറാന്റെ അനാവശ്യവും തുടർച്ചയുമായുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയാണ് നൽകിയതെന്നാണ് യുഎസ് സേന ബുധനാഴ്ച പ്രതികരിച്ചത്. എന്നാൽ ഹോർമൂസ് തീരത്തിന് സമീപത്തുള്ള ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖാർഗാന്റെ വടക്കൻ നഗരത്തിലുള്ള സ്‌ഫോടനത്തിൽ രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


















































