തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച സമരത്തിനിടെ വയോധികയുടെ പ്രതിഷേധം ശ്രദ്ധേയമായി. റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നതിനെ ചോദ്യം ചെയ്താണ് വഴിയാത്രക്കാരിയായ സരസ്വതിയമ്മ നേതാക്കൾക്ക് മുന്നിൽ പ്രതിഷേധമറിയിച്ചത്.
വട്ടിയൂർക്കാവ് പൊലീസിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ബിജെപി നേതാവ് കരമന അജിത് പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. വഴിയടച്ച് സമരം നടത്തുന്നത് എന്തിനാണെന്നും ഇതുമൂലം സാധാരണക്കാർക്ക് വീട്ടിലെത്താൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും സരസ്വതിയമ്മ പറഞ്ഞു. പ്രസംഗിക്കുകയായിരുന്ന നേതാവിന്റെ കൈയ്ക്ക് കയറി പിടിച്ചുകൊണ്ടായിരുന്നു സരസ്വതി അമ്മയുടെ പ്രതിഷേധം.
അപ്രതീക്ഷിത ഇടപെടലിനെ തുടർന്ന് പരിപാടി ഏതാനും നിമിഷങ്ങൾ തടസപ്പെട്ടു. തുടർന്ന് സരസ്വതിയമ്മയെ മാറ്റാൻ സംഘാടകർ ശ്രമിച്ചെങ്കിലും അവർ നിലപാടിൽ ഉറച്ചുനിന്നു. മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ശ്രദ്ധ സംഭവത്തിലേക്ക് തിരിഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ബിജെപി കൗൺസിലർമാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്ഥിതി വഷളാകാതിരിക്കാൻ പരിപാടി ചുരുക്കി സമാപിപ്പിക്കുകയായിരുന്നു. പ്രതിഷേധം നീണ്ടതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.
വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിലേറെ ഒളിവിലായിരുന്ന ഇയാളെ വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റിനെതിരെയാണ് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സമരത്തെ തുടർന്ന് വട്ടിയൂർക്കാവ് ജംഗ്ഷനിൽ ഗതാഗതം തടസപ്പെട്ടതും പ്രദേശവാസികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ അതൃപ്തിയാണ് സരസ്വതിയമ്മയുടെ പ്രതികരണത്തിലൂടെ പരസ്യമായി പുറത്തുവന്നത്.
















































