തൃശൂർ : തൃശൂർ വില്ലടത്ത് രാവിലെ അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ സ്കൂളിനു സമീപത്തെ മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ്ങിൽ 4 തേക്കുമരങ്ങളാണ് കടപുഴകി വീണത്. മാത്രമല്ല പൂച്ചട്ടി ഭവൻ സ്കൂളിന് സമീപത്തെ മിന്നൽ ചുഴലിയിൽ നിന്നും അത്ഭുതകരമായാണ് കുട്ടികൾ രക്ഷപ്പെട്ടത്. രാവിലെ എട്ടേമുക്കാലോടെയാണ് മിന്നൽചുഴലി അടിച്ചത്. 9 മണിക്കാണ് ക്ലാസ് തുടങ്ങുന്നത്. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ഓട്ടോറിക്ഷയിലും മറ്റും കുട്ടികളെത്തുന്ന സമയത്തായിരുന്നു ചുഴലി വീശിയത്.
ഈ സമയം ഓട്ടോ ഡ്രൈവർമാരും അധ്യാപകരും കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്കും സേഫ് ഹൗസുകളിലേക്കും എത്തിച്ചത് കൊണ്ട് ദുരന്തം ഒഴിവായി. മരം വാഹനങ്ങൾക്ക് പുറത്ത് വീണതിനാൽ തൊട്ടടുത്തുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടു. എൽകെജി സ്കൂളിന്റെ മേൽക്കൂര പൂർണമായും ഇളകി മാറി. നാലു തേക്കുകളും സ്കൂൾ മുറ്റത്തെ വലിയ മാവും കടപുഴകി വീണു.
മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകർന്നു. അതേസമയം ആർക്കും പരുക്കേറ്റിട്ടില്ല. മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് പ്രദേശത്തെ ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്.
















































