തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ വയോധികന്റെ കൺപോളയും ചുണ്ടും മൂക്കും നായ കടിച്ചുപറിച്ചു. വേട്ടമുക്ക് കട്ടച്ചൽ റോഡ് കെആർഡബ്ല്യുഎ 192-ൽ ചന്ദ്രനാണ് (69) നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.
കഴിഞ്ഞ ദിവസം പകലാണ് ചന്ദ്രന് കടിയേറ്റത്. പ്രദേശവാസികളിലൊരാൾ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതിനാൽ നായകൾ സ്ഥലത്ത് കൂട്ടംകൂടി കിടക്കാറുണ്ട്. ഇതിനിടെ ചന്ദ്രനെ കണ്ടതോടെ നായ കുരച്ചുകൊണ്ടു പാഞ്ഞടുക്കുകയായിരുന്നു. ഒഴിഞ്ഞുമാറുന്നതിനിടയിൽ റോഡിലേക്കു വീണ ഇദ്ദേഹത്തിന്റെ കൺപോളയിലാണ് ആദ്യം നായ കടിച്ചത്. പട്ടിയെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ മൂക്കിലും ചുണ്ടിലും കടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ആട്ടിയോടിച്ച് ചന്ദ്രനെ രക്ഷിച്ചത്.
ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി. അതേസമയം ഇദ്ദേഹത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിൽനിന്നുള്ള ഇടപെടലിലാണ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലായത്. ഭാര്യ സരോജാദേവി മാത്രമാണ് ചന്ദ്രന്റെ വീട്ടിലുള്ളത്. ചോരയിൽ കുളിച്ചുകിടന്ന ചന്ദ്രനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കണ്ണാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ചന്ദ്രന്റെ ചുണ്ടിൽ ആറ് തുന്നലിട്ടു. ചന്ദ്രനെ നായ ആക്രമിക്കുന്നതിന് ദിവസങ്ങൾക്കുമുൻപ് കട്ടച്ചൽ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജലക്ഷ്മിയെയും നായ ആക്രമിച്ചിരുന്നു. അടുത്തിടെ ഈ പ്രദേശത്തെ എൻ.സി.സി. ഓഫീസിൽ ജോലിയുള്ള രണ്ടുപേരെ പട്ടികൾ കടിക്കാൻ ഓടിച്ചിരുന്നു. തെരുവുനായകളെ എത്രയും വേഗം പ്രദേശത്തുനിന്നു മാറ്റി സ്വൈര്യമായി ജീവിക്കാൻ സാഹചര്യമുണ്ടാക്കണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.


















































