ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹായിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹായിയും അറസ്റ്റിൽ. സംഭവത്തിൽ ചേർപ്പ് തണ്ടാശ്ശേരി ഷിബു ജോർജ് (50), വിഷ്ണു (സത്യം-19) എന്നിവരാണ് അറസ്റ്റിലായത്.
വർഷങ്ങൾക്കുമുൻപ് കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്നു കിടക്കുകയാണ് ഷിബു, ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഇയാളെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യ ഇപ്പോഴും ഷിബുവിന്റെ വീട്ടിലാണ് താമസം. ഇവരുടെ പരാതിപ്രകാരം ഇയാളുടെ പേരിൽ സ്ത്രീപീഡനത്തിന് കേസുണ്ട്. ഷിബുവിനെ പരിചരിച്ചാണ് വിഷ്ണുവുമായി സൗഹൃദത്തിലാകുന്നത്.
കഴിഞ്ഞ ദിവസം ഷിബുവിന്റെ നിർദേശപ്രകാരം വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപമുള്ള ഇയാളുടെ വീടിന്റെ പരിസരത്ത് കാത്തുനിൽക്കുന്നതുകണ്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോൾ ഷർട്ടിനുള്ളിൽനിന്ന് വടിവാൾ ലഭിക്കുകയും ചെയ്തു.
ചോദ്യംചെയ്യലിൽ ഷിബു ജോർജിന്റെ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടാണ് എത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഷിബുവിന്റെ പേരിൽ ഭാര്യ പരാതി നൽകിയതിലുള്ള വൈരമാണ് ക്വട്ടേഷൻ നൽകാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു.

















































